കോഴിക്കോട്: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂരിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ത്യൻ സായുധസേനയിൽ അഭിമാനിക്കുന്നുവെന്ന് വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻസേന നടത്തിയ തിരിച്ചടിയിൽ അഭിമാനമുണ്ടെന്ന് കോൺഗ്രസ് പ്രതികരിച്ചു. പാകിസ്താനിൽ നിന്നും പാക് അധീന കശ്മീരിൽ നിന്നും ഉയർന്നു വരുന്ന എല്ലാതരം ഭീകരതക്കെതിരെയും ഇന്ത്യക്ക് ഉറച്ച ദേശീയ നയമുണ്ടെന്ന് കോൺഗ്രസ് എക്സിൽ വ്യക്തമാക്കി.
പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യൻ സായുധസേന നടത്തിയ ആക്രമണത്തിൽ അഭിമാനമുണ്ട്. സേനയുടെ ദൃഢനിശ്ചയത്തേയും ധൈര്യത്തേയും ഞങ്ങൾ അഭിനന്ദിക്കുന്നു. പഹൽഗാം ഭീകരാക്രമണം മുതൽ ഇന്ത്യൻ സേനക്കൊപ്പം കോൺഗ്രസ് ഉറച്ച് നിൽക്കുകയാണ്.
ദേശീയ ഐക്യവും ഐക്യദാർഢ്യവും കാലഘട്ടത്തിന്റെ ആവശ്യമാണ്. കോൺഗ്രസ് സായുധ സേനകൾക്കൊപ്പം നിൽക്കുന്നു. നമ്മുടെ നേതാക്കൾ മുൻകാലങ്ങളിൽ വഴികാട്ടി തന്നിട്ടുണ്ട്. ദേശീയതാൽപര്യമാണ് തങ്ങൾക്ക് പരമപ്രധാനമെന്നും കോൺഗ്രസ് എക്സ് കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിൽ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യൻ സായുധസേനയിൽ അഭിമാനിക്കുന്നുവെന്ന കുറിപ്പ് എക്സിലൂടെ പങ്കുവെച്ചാണ് രാഹുൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയറിയിച്ചത്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയത്. ‘ഓപറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക നടപടിയിൽ നാല് ജെയ്ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് തകർത്തത്.
കോട്ട്ലി, മുരിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ഇന്ത്യയുടെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.