പയ്യോളി : സ്വാതന്ത്ര്യ പോരാട്ടത്തിൽ മാത്രമായിരുന്നില്ല മറിച്ച് ഇന്ത്യയുടെ മതേതരത്വത്തിനും സാമൂഹ്യനീതിക്കും മഹാത്മാഗാന്ധി പുതിയ വ്യാഖ്യാനങ്ങൾ നൽകിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ തികഞ്ഞ മതനിരാസത പുലർത്തുമ്പോൾ മതേതരത്വത്തിന് ഗാന്ധിജി കൃത്യമായ ദിശാബോധം നൽകി.
ഒരു മതവിശ്വാസി ആയിരിക്കുമ്പോൾ തന്നെ സഹോദര മതത്തിൽപ്പെട്ട ഒരാളുടെ നേരെ ആരെങ്കിലും കൈ ചൂണ്ടിയാൽ അവനെക്കാൾ മുന്നിൽ അവനെ സംരക്ഷിക്കാൻ ഞാൻ ഉണ്ടാവുമ്പോഴാണ് ഇന്ത്യയുടെ മതേതരത്വം അർത്ഥപൂർണ്ണമാവുമെന്ന് ഗാന്ധിജി നമ്മെ പഠിപ്പിച്ചു. വാക്കുകൾക്കും വാചകങ്ങൾക്കുമപ്പുറം സ്വന്തം ജീവിതമാണ് സന്ദേശമെന്ന് മഹാത്മാഗാന്ധി നാടിന് പകർന്നു നൽകിയെന്നും വി.ഡി. സതീശൻ പറഞ്ഞു .
മഹാത്മ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം പയ്യോളിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ . പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു . ഓഫീസിനോടനുബന്ധിച്ചുള്ള ഓഡിറ്റോറിയങ്ങളുടെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ നിർവഹിച്ചു . പി. എം. അഷറഫ് റിപ്പോർട്ടവതരിപ്പിച്ചു. പി. എൻ. അനിൽകുമാർ സ്വാഗതവും കെ.ടി. സത്യൻ നന്ദിയും പറഞ്ഞു.