ബീജിങ്: പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ചൈന. ഇരു വിഭാഗവും കൂടുതൽ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്താനും അയൽക്കാരാണ്. അവർ ചൈനയുടേയും അയൽക്കാരാണ്. കൂടുതൽ ആക്രമണങ്ങളിലേക്ക് അവർ പോകരുത്. ചൈന എല്ലാതരത്തിലുമുള്ള ഭീകരാക്രമണത്തേയും എതിർക്കുന്നു. പാകിസ്താനും ഇന്ത്യയും സമാധാനത്തിനും സുസ്ഥിരതക്കും പ്രാധാന്യം നൽകണം. കൂടുതൽ ആക്രമണം നടത്തി സ്ഥിതി വഷളാക്കരുതെന്നും ചൈന അഭ്യർഥിച്ചു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി കരസേന അറിയിച്ചു. ഓപറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. ബഹാവൽപൂർ, മുസാഫറബാദ്, കോട്‍ലി, മുറിഡ്കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.