ഇന്ത്യാ വിരുദ്ധ പ്രചാരണം; പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ

news image
Apr 28, 2025, 7:42 am GMT+0000 payyolionline.in

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ. ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ ചാനലിനും നിരോധനമുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. നിരോധിക്കപ്പെട്ട ചാനലുകള്‍ക്ക് ഏകദേശം 63 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ടെന്നാണ് വിലയിരുത്തല്‍.

എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ പാകിസ്ഥാന്‍ വാര്‍ത്താ ചാനലുകളും ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന യൂട്യൂബ് ചാനലുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ദി പാകിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയും നിരോധിച്ചിട്ടുണ്ട്.

ബ്രിട്ടന്‍ ആസ്ഥാനമായുള്ള ആഗോള മാധ്യമമായ ബിബിസി പഹല്‍ഗാം ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതിനെതിരെ ഇന്ത്യാ ഗവണ്‍മെന്റ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ‘കശ്മീര്‍ ആക്രമണത്തിന് ശേഷം ഇന്ത്യക്കാര്‍ക്കുള്ള വിസ പാകിസ്ഥാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു’ എന്ന തലക്കെട്ടിലുള്ള ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പഹല്‍ഗാമിലേത് ഭീകരാക്രമണമാണ് എന്ന് പറയുന്നില്ല. ഇതിലാണ് കേന്ദ്രത്തിന് അതൃപ്തി. ബിബിസി പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതായി വിലയിരുത്തിയ കേന്ദ്രം, ബിബിസിയെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe