ഇന്തോനേഷ്യയിലെ മകാസ്സാറിന് സമീപം 11 യാത്രക്കാരുമായി പോയ ATR 42-500 വിമാനം കാണാതായതായി. ഇന്തോനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ള വിമാനം യോഗ്യകർത്തയിൽ നിന്ന് സൗത്ത് സുലാവെസിയുടെ തലസ്ഥാനത്തേക്കുള്ള യാത്രക്കിടെയാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.
ഉച്ചയ്ക്ക് 1.17 മണിയോടെ സൗത്ത് സുലാവെസി പ്രവിശ്യയിലെ പർവതപ്രദേശമായ മറോസ് ജില്ലയിലെ ലിയാങ് ലിയാങ് മേഖലയിൽവച്ചാണ് വിമാനം അവസാനമായി റഡാറിൽ കണ്ടെത്തപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. മകാസ്സാർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 12 മൈൽ വടക്കുകിഴക്ക് ഭാഗത്തായിരുന്നു അവസാന ലൊക്കേഷൻ. അതേസമയം, പ്രാദേശിക മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളും വിമാനത്തിന്റെ അവസാനമായി രേഖപ്പെടുത്തിയ സ്ഥാനത്തിന് സമീപമുള്ള ഒരു മലനിരയിൽ അവശിഷ്ടങ്ങൾ കാണുന്നതായി സൂചിപ്പിക്കുന്നു.
ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയ വക്താവ് എണ്ടാ പൂർണമ സാരി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, മറ്റ് യൂണിറ്റുകൾ എന്നിവയുടെ പിന്തുണയോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൗണ്ട് ബുലുസറൗങിൽ നടന്ന ട്രെക്കിംഗിനിടെ ഹൈക്കർമാർ ചിതറിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തതോടെയാണ് വിമാനം കണ്ടെത്താനുള്ള പ്രതീക്ഷകൾ ശക്തമായത്. ഇന്തോനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ ചിഹ്നത്തോട് സാമ്യമുള്ള ലോഗോയും, സ്ഥലത്ത് തീപിടിത്തം നടന്നതിന്റെ അവശിഷ്ടങ്ങൾ ഉള്ളതായും അവർ അറിയിച്ചു.
