ഇനി വൈദ്യുതി ബിൽ എല്ലാ വർഷവും കൂടും; പുതിയ താരിഫ് നയം ഉടൻ

news image
Jan 22, 2026, 7:37 am GMT+0000 payyolionline.in

മുംബൈ: അടുത്ത സാമ്പത്തിക വർഷം മുതൽ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകൾ സ്വയം വർധിക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ തയാറാക്കിയ ദേശീയ വൈദ്യുതി നയത്തിന്റെ കരടിലാണ് (എൻ.ഇ.പി) ഈ സൂചന നൽകുന്നത്. വൈദ്യുതി താരിഫ് പരിഷ്‍കരണത്തിന് എൻ.ഇ.പിയിൽ പുതിയ നിർദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം. വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുമുള്ള ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇനി നിരക്ക് നിർണയിക്കുക. സംസ്ഥാനങ്ങളിലെ വൈദ്യുതി റഗുലേറ്ററി കമ്മീഷനുകൾക്ക് തന്നെയായിരിക്കും ഇതിനുള്ള ചുമതല. എന്നാൽ, റഗുലേറ്ററി കമീഷനുകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ വൈദ്യുതി ഉത്പാദന ചെലവ് കണക്കാക്കി നിരക്ക് സ്വയം പുനർനിർണയിക്കപ്പെടുന്ന ഇൻഡക്സ് ലിങ്ക്ഡ് താരിഫ് പരിഷ്‍കരണമാണ് എൻ.ഇ.പി തയാറാക്കിയത്.

വൈദ്യുതി ഉത്പാദനത്തി​നും വിതരണത്തിനുമുള്ള ചെലവ് വർധിച്ചാൽ പൂർണമായും ഉപഭോക്താവിൽനിന്ന് വാങ്ങണമെന്നാണ് എൻ.ഇ.പി നിർദേശം. ഓരോ മാസത്തിന്റെയും അടിസ്ഥാനത്തിലാണ് വൈദ്യുതിയുടെ ഉത്പാദന, വിതരണ ചെലവ് കണക്കാക്കുക. അതുപോ​ലെ, വൈദ്യുതി വാങ്ങാനുള്ള ചെലവിലെ ഏറ്റക്കുറച്ചിലുകൾ നേരിടാനായി വിതരണ കമ്പനികൾ പ്രത്യേക ഫണ്ടുകൾ രൂപവത്കരിക്കണമെന്നും എൻ.ഇ.പി ആവശ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾക്ക് എല്ലാ മാസവും ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വരുമെന്ന് സൂചന നൽകുന്ന എൻ.ഇ.പിയുടെ കരട് സംബന്ധിച്ച് സംസ്ഥാനങ്ങളും വൈദ്യുതി ഉത്പാദന, വിതരണ കമ്പനികളും ഉപഭോക്തൃ സംഘടനകളും 30 ദിവസത്തിനകം അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ.

നിലവിൽ സംസ്ഥാനങ്ങളിലെ വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളാണ് വൈദ്യുതി നിരക്ക് നിർണയിക്കുന്നത്. എന്നാൽ, ചെലവ് ഉയർന്നിട്ടും നിരക്ക് വർധിപ്പിക്കാത്തതിനാൽ വൈദ്യുതി വിതരണ കമ്പനികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയിരിക്കുകയാണ്. 2025 സാമ്പത്തിക വർഷം ​കമ്പനികൾക്ക് 15.04 ശതമാനത്തിന്റെ വൈദ്യുതി വിതരണ നഷ്ടം നേരിട്ടതായാണ് കണക്ക്. വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനും ചെലവാകുന്ന തുക പൂർണമായും തിരിച്ചുകിട്ടിയാൽ മാത്രമേ മേഖലക്ക് നിലനിൽക്കാൻ കഴിയൂവെന്നാണ് കരട് നയത്തിൽ പറയുന്നത്. ഒരു യൂനിറ്റ് വൈദ്യുതി വിതരണം ചെയ്യാൻ ശരാശരി 6.82 രൂപയാണ് ചെലവ്. ഗാർഹിക ഉപഭോക്താക്കൾ യൂനിറ്റിന് ശരാശരി 6.47 രൂപയും വാണിജ്യ ഉപഭോക്താക്കളും ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നവരും 10.49 രൂപയുമാണ് നൽകുന്നത്. ദേശീയ ശരാശരി താരിഫാണിത്. അതേസമയം, ഓരോ സംസ്ഥാനങ്ങളും വിതരണ കമ്പനികളും ചുമത്തുന്ന വൈദ്യുതി നിരക്ക് വ്യത്യസ്തമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe