ദിവസം കഴിയുംതോറും സാങ്കേതിക വിദ്യ കൂടുതൽ സ്മാർട്ട് ആയി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സ്മാർട്ട് ഫോണുകളുടെ വരവോടു കൂടി നമുക്ക് ആവശ്യമുള്ള നിരവധി സേവനങ്ങൾ ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ ഉപയോക്താക്കൾക്ക് തന്നെ ചെയ്യാനാകും. ഇതിൽ പ്രധാനപ്പെട്ടതാണ് യുപിഐ പേയ്‌മെന്റുകൾ. എന്നാൽ ഈ യുപിഐ പേയ്‌മെന്റുകളും ഒന്നുകൂടി സ്മാർട്ട് ആകുകയാണ്.
ഇനിമുതൽ യുപിഐ പേയ്‌മെന്റുകൾ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് നടത്താൻ സാധിക്കുമെന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. പേയ്‌മെന്റിനായി മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നെടുക്കാതെ വെറും ഒരു നോട്ടത്തിലൂടെയും സംസാരത്തിലൂടെയും പണം കൈമാറാൻ സാധിക്കുമെന്നതാണ് പുതിയ ഫീച്ചർ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ൽ നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ്പുതിയ ഫീച്ചറിനെ പറ്റി അവതരിപ്പിച്ചത്.
ക്യുആർ സ്‍കാൻ ചെയ്‌തുകൊണ്ട് ഉപയോക്താക്കൾക്ക് ഹാൻഡ്‌സ്-ഫ്രീയും സുരക്ഷിതവുമായ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്നും, സ്‌മാർട്ട് ഗ്ലാസുകളിൽ വോയ്‌സ് വഴി പേയ്‌മെന്‍റുകൾ നടത്താന്‍ സാധിക്കുമെന്നും, ഫോണിന്‍റെയോ പിൻ നമ്പറിന്‍റെയോ ആവശ്യം ഇതിനില്ലെന്നും എൻപിസിഐ പ്രസ്‌താവനയിൽ പറയുന്നു.
വ്യാപാരികളുടെ അക്കൗണ്ടുകളിലെ ക്യു.ആർ. കോഡുകൾ സ്മാർട്ട് ഗ്ലാസുകളിലൂടെ നോക്കിയാൽ മതി. പേയ്‌മെന്റ് പ്രോസസ്സ് ചെയ്യാൻ എഐ നമ്മെ സഹായിക്കും. ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് വോയ്‌സ് കമാൻഡ് നൽകിയാൽ പേയ്‌മെന്‍റ് ഓട്ടോമാറ്റിക്കായി പ്രോസസ് ചെയ്യപ്പെടും. ഇപ്പോൾ ഈ ഫീച്ചർ യുപിഐ ലൈറ്റ് ഇടപാടുകൾക്കയാണ് അവതരിപ്പിച്ചിരിക്കുന്നത്. റീട്ടെയിൽ, ട്രാൻസിറ്റ് അല്ലെങ്കിൽ ഫുഡ് പേയ്‌മെന്‍റുകൾ പോലുള്ള ചെറിയ പേയ്‌മെന്‍റുകള്‍ക്ക് ഇത് ഉപയോഗിക്കാം.
ഡിജിറ്റൽ ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും ഹാൻഡ്‌സ് ഫ്രീയും ആക്കുക എന്നതാണ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്.
സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് ഫോണിൽ തൊടാതെ തന്നെ ഉപയോക്താക്കൾക്ക് എങ്ങനെ പേമെന്‍റ് നടത്താം എന്ന് കാണിച്ചുതരുന്ന ഒരു ഡെമോ വീഡിയോയും എൻപിസിഐ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ൽ അവതരിപ്പിച്ചിരുന്നു.