ലോഗൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്ററും ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രിയതാരവുമായ സുരേഷ് റെയ്‌ന. ക്രിക്കറ്റിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ശരവണ കുമാറാണ് നിർമാതാവ്. ചിത്രം നിർമിക്കുന്ന ഡ്രീം നൈറ്റ് സ്റ്റോറീസ് (ഡി.കെ.എസ്) എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചിത്രത്തിന്‍റെ പ്രഖ്യാപനവും ചെന്നൈയിൽ നടന്നു.
താൽക്കാലികമായി പ്രൊഡക്ഷൻ നമ്പർ വൺ എന്നാണ് പേരിട്ടിരിക്കുന്നത്. കുടുംബത്തോടൊപ്പം ആംസ്റ്റർഡാമിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ സുരേഷ് റെയ്‌ന വിഡിയോ കോളിലൂടെയാണ് പരിപാടിയിൽ പങ്കുചേർന്നത്. നേരിട്ട് പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും പക്ഷേ അൽപ്പം വൈകി അറിയിച്ചതിനാൽ എത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നടനായി അരങ്ങേറ്റം കുറിക്കാൻ തമിഴും നിർമാണ കമ്പനിയായ ഡി.കെ.എസും തെരഞ്ഞെടുക്കാൻ കാരണമെന്താണെന്ന് റെയ്‌നയോട് ചോദിച്ചപ്പോൾ ‘ഡി.കെ.എസിന് ഒരു നല്ല സംവിധായകനുണ്ടെന്ന് കരുതുന്നു. സംവിധായകൻ എന്നോട് കഥ പറഞ്ഞപ്പോൾ അത് എനിക്ക് കണക്ടായി. പിന്നെ ഒരു ക്രിക്കറ്റ് സിനിമയായതിനാൽ അത് തമിഴ്‌നാട്ടിൽ നിന്ന് ആരംഭിക്കണം, കാരണം വർഷങ്ങളായി ഞങ്ങൾ സി.എസ്.കെക്കായി ധാരാളം മത്സരങ്ങൾ കളിക്കുന്നുണ്ട്. അവർക്ക് ധാരാളം സ്നേഹവും ഇഷ്ടവും വാത്സല്യവുമുണ്ട്’ -സുരേഷ് റെയ്‌ന പറഞ്ഞു.