ഇനി ചില്ലറ തേടി അലയേണ്ട..!; എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

news image
Jun 18, 2025, 3:45 pm GMT+0000 payyolionline.in

കൊച്ചി: ബാങ്ക്​ എ.ടി.എമ്മുകളിൽനിന്ന്​ കുറച്ചുകാലം ‘അപ്രത്യക്ഷമായ’ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി. എ.ടി.എം വഴി കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട്​ മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക്​ പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായ സാഹചര്യത്തിൽ റിസർവ്​ ബാങ്ക്​ നിർദേശപ്രകാരമാണ്​ 100, 200 രൂപ നോട്ട്​ തിരിച്ചെത്തിയത്​.

എ.ടി.എമ്മുകളിൽ ചെറിയ തുകയുടെ നോട്ട്​ ലഭ്യമാക്കാൻ ദിവസങ്ങൾക്കുമുമ്പാണ്​ ബാങ്കുകൾക്ക് റിസർവ്​ ബാങ്ക്​ സമയപരിധി നൽകിയത്​. സെപ്റ്റംബർ 30നകം എല്ലാ ബാങ്കുകളും എ.ടി.എമ്മിൽ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട്​ വെക്കണം. മാർച്ച് 31ഓടെ ഇത് 90 ശതമാനമാക്കണം. എ.ടി.എമ്മുകളിൽ പണം വെക്കുന്ന ‘കസറ്റു’കളിൽ ഒന്നിൽ വീതമെങ്കിലും പൂർണമായി 100, 200 രൂപ നോട്ട്​​ വെക്കാനാണ്​ ആർ.ബി.ഐ നിർദേശിച്ചത്​.

ഇതോടെ ബാങ്കുകൾ എ.ടി.എമ്മിൽ പണം നിറക്കുന്ന ഏജൻസികളുമായി ബന്ധപ്പെട്ട്​ ഇതിന്​ ശ്രമം തുടങ്ങി. സെപ്റ്റംബർ 30 ആകാൻ മൂന്നുമാസത്തിലധികം ശേഷിക്കെ 73 ശതമാനം എ.ടി.എമ്മുകളിലും ഒരു കസറ്റിലെങ്കിലും 100, 200 നോട്ട്​ എത്തിയതായാണ്​ ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നത്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe