കേരളത്തിൽ ഭൂമിക്കവകാശമില്ലായിരുന്ന ഫ്ലാറ്റ് നിവാസികൾക്കും രേഖാമൂലം ഭൂമി കിട്ടാൻ വഴിയൊരുങ്ങി. കോടികൾ മുടക്കി വാങ്ങുന്ന ആഡംബര ഫ്ലാറ്റുകളുടെ ഉടമകൾക്കു പോലും കെട്ടിട സമുച്ചയത്തിലെ ഒരു നിശ്ചിത ഭാഗത്തിന്റെ മാത്രമേ രേഖാമൂലം അവകാശമുണ്ടായിരുന്നുള്ളൂ.
കെട്ടിടം നിൽക്കുന്ന ഭൂമിയുടെ വിഭജിക്കാത്ത അവകാശം (undivided share) കൂടി ഫ്ലാറ്റ് വാങ്ങുമ്പോൾ ആധാരം ചെയ്ത് കിട്ടുമെങ്കിലും റവന്യൂ രേഖകൾ പ്രകാരം ഈ അവകാശം അനുഭവിക്കാൻ കഴിഞ്ഞിരുന്നില്ല.
ഫ്ലാറ്റ് സമുച്ചയത്തിലെ മുഴുവൻ യൂണിറ്റുകളും വിൽപന നടത്തിക്കഴിഞ്ഞാൽ ഉടമകളുടെ സൊസൈറ്റിക്ക്, കെട്ടിടം നിൽക്കുന്ന ഭൂമിയുടെയും ഫ്ലാറ്റ് സമുച്ചയത്തിലെ വിനോദസ്ഥലം, മറ്റ് പൊതു ഇടങ്ങൾ എന്നിവയുടെയും അവകാശം അനുവദിച്ചു നൽകുകയുമായിരുന്നു പതിവ്. എന്നാൽ ഫ്ലാറ്റുടമകൾക്ക് ഭൂമിയിലെ അവകാശം രേഖാമൂലം തന്നെ വേണമെന്ന ആവശ്യം ഉയർന്നു വരാൻ തുടങ്ങിയിട്ട് വളരെ കാലങ്ങളായിരുന്നു.
ഒടുവിൽ സർക്കാർ ഇക്കാര്യത്തിൽ നടത്തിയ പഠനത്തിനൊടുവിൽ ഭൂമിയുടെ അവകാശം രേഖാമൂലം തന്നെ നൽകാൻ ഉത്തരവായിരിക്കുന്നു. 22-04-2025 ഒരു യിലെ GO ( Ms ) No 107-2025 – RD നമ്പർ ഉത്തരവ് പ്രകാരം ഓരോ ഫ്ലാറ്റുടമയ്ക്കും ഭൂമിയിലെ അവകാശം രേഖാമൂലം ലഭിക്കും.
* ഈ അവകാശം പോക്കുവരവ് ചെയ്ത് പേരിൽ ചേർക്കാം.
* പ്രസ്തുത ഭാഗത്തിന് പ്രത്യേക സർവേ നമ്പറും തണ്ടപ്പേരും ലഭിക്കും.
* കെട്ടിടത്തിലെ ഓരോ യൂണിറ്റിന്റെയും ആനുപാതികമായിട്ടായിരിക്കും ഭൂമിയിലെ അവകാശം വിഭജിക്കപ്പെടുക. ലളിതമായി പറഞ്ഞാൽ ഒരേക്കർ ഭൂമിയിൽ 100 തുല്യ വിസ്തീർണമുള്ള യൂണിറ്റുകളുള്ള ഫ്ലാറ്റിൽ ഓരോ ഉടമയ്ക്കും ഒരേക്കറിന്റെ നൂറിലൊന്ന് അതായത് ഒരു സെന്റ് സ്ഥലം വീതം പേരിൽ നികുതി അടയ്ക്കാം.
* നിലവിലെ സർവേ നമ്പറിന്റെ സബ്ഡിവിഷനായിട്ടാകും തണ്ടപ്പേർ നമ്പർ ലഭിക്കുക.
* ഭൂമിയുടെ വിസ്തൃതിക്ക് സർക്കാർ നിശ്ചയിച്ച നികുതിയോ ഒരു ആർ (2.47 സെന്റ്) ഭൂമിയുടെ നികുതിയോ ഏതാണോ കൂടുതൽ അതായിരിക്കും വാർഷിക ഭൂനികുതി അടയ്ക്കേണ്ടി വരിക.
ഗുണങ്ങൾ
* കെട്ടിടത്തിൽ പിന്നീട് കൂട്ടിച്ചേർക്കൽ വരുത്താൻ മുഴുവൻ ഭൂ ഉടമകളുടെയും അനുവാദം വേണ്ടിവരും.
* താമസക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഫ്ലാറ്റ് നിർമാതാക്കൾക്ക് പിന്നീട് നിർമാണം നടത്താൻ കഴിയില്ല.
* ചിലയിടത്തെങ്കിലും താഴെ നിലയിലെ ഉടമകൾ തങ്ങളുടെ മുറ്റം അടച്ചു കെട്ടുന്നതായുള്ള പരാതികൾ ഒഴിവാകും.
* ഉടമകൾക്ക് അവിഭക്ത അവകാശം (undivided Share) രേഖപ്പെടുത്തിയ കൈവശ സർട്ടിഫിക്കറ്റ് ലഭിക്കും.