തിക്കോടി: എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. 37 ലക്ഷം രൂപയാണ് ഇതിനകം കണ്ടെത്തിയത്. ബാക്കി 35.40 ലക്ഷം രൂപ കണ്ടെത്താനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ശ്രമം ഊർജ്ജിതമാക്കിയിട്ടു്ട്. പണം നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്‍കിയ കേസിലെ പ്രധാന സൂത്രധാരന്‍ ആവിക്കല്‍ റോഡ് സ്വദേശി സുഹാന മന്‍സിലില്‍ സുഹൈല്‍ (25), കൂട്ടുപ്രതിയായ തിക്കോടി പുതിയവളപ്പില്‍ മുഹമ്മദ് യാസര്‍ (21), തിക്കോടി ഉമര്‍വളപ്പില്‍ മുഹമ്മദ് താഹ (27) എന്നിവരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.
എ ടി എമ്മില്‍ നിറയ്ക്കുന്നതിനായി 72.40 ലക്ഷം രൂപയാണ് സുഹൈലിന്റെ പക്കല്‍ നല്‍കിയതെന്ന് പയ്യോളി സ്വദേശിയായ ഫ്രാഞ്ചൈസിയും ഇന്ത്യ വണ്‍ എ ടി എമ്മിന്റെ മാനേജരും പറഞ്ഞിരുന്നു. ഇതില്‍ 37 ലക്ഷം രൂപ മുഹമ്മദ് താഹ താല്‍ക്കാലികമായി ജോലി ചെയ്തിരുന്ന കെട്ടിടത്തിലെ മൂന്നാം നിലയില്‍ മച്ചില്‍ നിന്ന് കണ്ടെടുത്തു. കവര്‍ച്ച ചെയ്ത പണമെല്ലാം കൈകാര്യം ചെയ്തിരുന്നത് താഹയാണ് എന്നാണ് ലഭിക്കുന്ന വിവരം.
തിക്കോടിയിലെ ബാങ്കില്‍ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. പലര്‍ക്കും ഇയാള്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ബാങ്കില്‍ അടച്ചതിന് പുറമേ മറ്റൊരാള്‍ക്ക് അഞ്ച് ലക്ഷം രൂപ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. മൂവരെയും കസ്റ്റഡിയില്‍ വാങ്ങിയ കൂടുതല്‍ ചോദ്യം ചെയ്താലെ അവശേഷിക്കുന്ന പണം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തത വരൂ. കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ് ഐമാരായ കെ എസ് ജിതേഷ്, കെ പി ഗിരീഷ്, പി മനോജ് കുമാര്‍, മനോജ് കുമാര്‍ രാമത്ത്, എ എസ് ഐമാരായ വി സി ബിനീഷ്, ഷാജി, സി പി ഒമാരായ ഷോബിത്ത്, വിജു വാണിയംകുളം, സതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.