കൈനറ്റിക്ക് സ്കൂട്ടർ എന്നാൽ ഒരു നൊസ്റ്റാൾജിയ തന്നെയാണ്. ഇരുചക്ര വാഹന ചരിത്രം എഴുതുമ്പോള്‍ ആരും മറക്കില്ല ആ പേര്. പലരും വാഹനം ഓടിച്ച് തുടങ്ങിയത് അവനൊപ്പം ആവും. കാലം മാറിയതോടെ പുതിയ കോലവുമായി പഴയ കൈനറ്റിക്ക് സ്കൂട്ടർ എത്തിയിരിക്കുകയാണ് – അതും ഇലക്ട്രിക് കരുത്തിൽ. കൈനറ്റിക് ഗ്രീനിലൂടെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിപണിയിലെത്തിച്ചത്. കൈനറ്റിക് DX, DX+ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ ഇലക്ട്രിക് സ്കൂട്ടർ എത്തിയിരിക്കുന്നത്.
2.6 kWh ബാറ്ററി പാക്കാണ് സ്കൂട്ടറിന് കരുത്തേകുന്നത്. ഇന്ത്യയിലെ മറ്റ് എൻഎംസി (നിക്കൽ, മാംഗനീസ്, കൊബാൾട്ട്)ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്കൂട്ടറുകളേക്കാൾ നാല് മടങ്ങ് കൂടുതൽ ലൈഫ് നൽകുമെന്ന് അവകാശപ്പെടുന്നു. DX+ മോഡലിൽ ഈ ബാറ്ററി ഏകദേശം 116 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കണക്കാക്കുന്നു. റേഞ്ച്, പവർ, ടർബോ എന്നീ മൂന്ന് റൈഡ് മോഡുകളാണുള്ളത്.
ഇന്ത്യൻ വിപണിയിൽ പണ്ട് ഉണ്ടായിരുന്ന കൈനറ്റിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുത്തൻ ഇലക്ട്രിക് മോഡലിന്റെ ചില ഡിസൈൻ ഘടകങ്ങളുള്ളത്. പുതിയ ഡിസൈനും ഫീച്ചറുകളും ഉണ്ടെങ്കിലും എവിടെയൊക്കെയോ പഴയ കൈനറ്റിക് സ്കൂട്ടറിനെ നമുക്ക് കാണാൻ സാധിക്കും. സ്പോർട്ടി എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൈനറ്റിക് ലോഗോയുടെ ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ എന്നിവ പുതുമയുള്ള രൂപം നൽകുന്നു. കരുത്തുറ്റ മെറ്റൽ ബോഡിയും വലിയ ഫ്ലോർബോർഡുമുണ്ട്. സെഗ്മെന്റിലെ ഏറ്റവും വലിയ 37 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജും ഇവിയുടെ പ്രത്യേകതയാണ്.
അഡ്ജസ്റ്റ് ചെയ്യാവുന്ന ടെലിസ്‌കോപ്പിക് റിയർ ഷോക്ക് അബ്സോർബറുകളാണുള്ളത്. കോംബി-ബ്രേക്കിങ്ങോടുകൂടിയ 220എംഎം ഫ്രണ്ട് ഡിസ്‌കും 130എംഎം റിയർ ഡ്രം ബ്രേക്കുമാണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. റെഡ്, ബ്ലൂ, വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിൽ ഇവ ലഭ്യമാണ്. അതേസമയം സിൽവർ, ബ്ലാക്ക് നിറങ്ങളിലേ DX ലഭിക്കൂ.
രണ്ട് വേരിയന്റുകളിലും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ക്രൂയിസ് കൺട്രോൾ ഫീച്ചറും ഉണ്ട്. DX-ന് 1.11 ലക്ഷവും (എക്സ്-ഷോറൂം) കൈനറ്റിക് DX+ന് 1.17 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം) വില.