ഇടുക്കി: ഇടുക്കിയിൽ രണ്ടു വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു.
പൈനാവ് അമ്പത്തിയാറ് കോളനിയിൽ താമസിക്കുന്ന അന്നക്കുട്ടി, കൊച്ചു മകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ല. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്.
സന്തോഷും അന്നക്കുട്ടിയുടെ കുടുംബവും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. അന്നക്കുട്ടിയെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഇരുവരുടെയും ദേഹത്ത് പെട്രോൾ ഒഴിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുഞ്ഞിന് 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.