നാഗ്പുർ∙ ആർഎസ്എസ് പരിപാടിയിൽ മുഖ്യാഥിതിയായി പിന്നണി ഗായകൻ ശങ്കർ മഹാദേവൻ എത്തുന്നു. ഈ വർഷത്തെ വിജയദശമി ആഘോഷങ്ങളിലാണ് ശങ്കർ മഹാദേവൻ മുഖ്യാതിഥിയാകുന്നത്. ഒക്ടോബർ 24ന് ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലാണ് പരിപാടി. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
1925ൽ വിജയദശമി ദിനത്തിലാണ് ആർഎസ്എസ് സ്ഥാപിതമായത്. അന്നുമുതൽ എല്ലാ വർഷവും ആർഎസ്എസ് വിജയദശമി ഉത്സവ് ആഘോഷിക്കാറുണ്ട്. ഓരോ വർഷവും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ മുഖ്യാതിഥികളായി ക്ഷണിക്കുന്നതും പതിവാണ്.
ആർഎസ്എസിന്റെ വിജയദശമി ആഘോഷങ്ങളിൽ ആദ്യമായി ഒരു വനിത മുഖ്യാതിഥിയായി പങ്കെടുത്തത് കഴിഞ്ഞ വർഷമാണ്. പർവതാരോഹക എന്ന നിലയിൽ ശ്രദ്ധേയയായ സന്തോഷ് യാദവ് ആയിരുന്നു കഴിഞ്ഞ വർഷത്തെ മുഖ്യാതിഥി.