കൊച്ചി: റോഡുകളും പാതയോരങ്ങളും പൂർണമായി അടച്ചു കെട്ടിക്കൊണ്ട് പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ജില്ലാ പൊലീസ് മേധാവികളോട് വീണ്ടും നിർദേശിച്ച് ഡിജിപിയുടെ സർക്കുലർ. വിവിധ തരത്തിലുള്ള ഉത്സവാഘോഷങ്ങളും മറ്റും നടത്തുമ്പോൾ റോഡ് പൂർണമായി അടയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും റോഡിന്റെ ഒരു ഭാഗത്ത് വാഹനങ്ങൾ കടന്നു പോകുന്നതിന് സൗകര്യമൊരുക്കുകയും വേണമെന്ന് ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. വഴി അടച്ചുകെട്ടി വിവിധ പരിപാടികൾ നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ സർക്കുലർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
അതിനിടെ, ആശാ വർക്കര്‍മാർ തിരുവനന്തപുരത്ത് റോഡും നടപ്പാതകളും കയ്യേറി സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്ന ഹർജി ഇക്കാര്യം പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. വഞ്ചിയൂർ, ബാലരാമപുരം, സെക്രട്ടറിയേറ്റിനു മുൻവശം, കൊച്ചിൻ കോര്‍പറേഷനു മുൻവശം തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന സിപിഎം, സിപിഐ, കോൺഗ്രസ് പരിപാടികൾ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തിരുന്നു. ഇതിന്റെ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് കഴിഞ്ഞ മാസമൊടുവിൽ ഡിജിപി പുതിയ സർക്കുലർ ഇറക്കിയതും ഈ മാസം അത് കോടതിയിൽ സമർപ്പിച്ചതും.
പാതകളിലും പാതയോരങ്ങളിലും പരിപാടികള്‍ നടത്തുന്നത് തടയുന്നതാണ് 2011ലെ നിയമമെങ്കിലും വിവിധ രീതിയിലുള്ള മത, ദേശീയ ഉത്സവങ്ങൾ, സാമൂഹിക സാംസ്കാരിക പരിപാടികൾ തുടങ്ങിയവയ്ക്കായി ഒരു നിശ്ചിത സമയത്തേക്ക് ജില്ലാ പൊലീസ് മേധാവിക്ക് അനുമതി നൽകാൻ കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പല ജില്ലകളിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും അതിനാൽ പലപ്പോഴും കോടതിയലക്ഷ്യ നടപടികൾ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ സർക്കുലർ. ഇത്തരത്തിൽ പരിപാടികൾക്ക് അനുമതി നൽകുമ്പോൾ വാഹനങ്ങളുടെ തടസമില്ലാത്ത യാത്ര കൃത്യമായി ഉറപ്പാക്കിക്കൊണ്ടായിരിക്കണമെന്ന ഹൈക്കോടതി നിർദേശം പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു.
എന്നാൽ പൊതുവഴികളും നടപ്പാതകളും തടയുന്നത് പൂർണമായി വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും അതിനാൽ ഡിജിപിയുടെ പുതിയ സര്‍ക്കുലർ തന്നെ കോടതിയലക്ഷ്യമാണെന്നും കാട്ടി ഹര്‍ജിക്കാരിലൊരാളായ അഡ്വ. കുളത്തൂർ ജയ്സിങ് ഇതിനെതിരെ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.