ആശമാരുടെ രാപകൽ സമര യാത്ര: കാസർകോട് മുതൽ തിരുവനന്തപുരം വരെ

news image
Apr 21, 2025, 9:48 am GMT+0000 payyolionline.in

തിരുവനന്തപുരം: : കാസർകോട് മുതൽ തിരുവനന്തപുരം വരെ ആശമാരുടെ രാപകൽ സമര യാത്ര നടത്തുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. മേയ് അഞ്ച് മുതൽ ജൂൺ 17 വരെയാണ് സമരയാത്ര നടത്തുന്നത്. 14 ജില്ലകളിലെയും വിവിധ നഗരങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

45 ദിവസങ്ങൾ യാത്ര ചെയ്തു സമരയാത്ര ജൂൺ 17ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പിൽ എത്തിച്ചേരുമ്പോൾ സംസ്ഥാനത്തെ ആശാപ്രവർത്തകർ ഒന്നടങ്കം ഈ സമരയാത്രയിൽ അണിചേരും. രണ്ടോ മൂന്നോ ദിവസങ്ങൾ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ സമരയാത്ര രാത്രികളിൽ സെക്രട്ടറിയേറ്റിനു മുമ്പിലെ രാപകൽ സമരത്തിന് സമാനമായി തെരുവുകളിൽ തന്നെ അന്തിയുറങ്ങും.

അധ്വാനിക്കുന്നവരുടെ അവകാശങ്ങൾ പ്രത്യേകിച്ച്, സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങളും അന്തസും സ്ഥാപിച്ചെടുക്കാൻ ജനാധിപത്യവിരുദ്ധ സംസ്കാരം പ്രകടിപ്പിക്കുന്ന ഒരു സർക്കാരിൻറെ മുമ്പിൽ നടത്തുന്ന ഈ സമരയാത്രയെ പൊതുസമൂഹം നിസീമമായി സഹായിക്കും എന്ന് ഉറപ്പുണ്ടെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓരോ ജില്ലകളിലും ആശമാരെ പിന്തുണക്കുന്ന നൂറുകണക്കിനുള്ള സാമൂഹ്യ സാംസ്കാരിക സംഘടനകൾ, വ്യക്തികൾ, മത-സമുദായിക വ്യക്തിത്വങ്ങൾ, വിവിധതലത്തിലുള്ള ജനപ്രതിനിധികൾ, തൊഴിലാളികൾ, യുവാക്കൾ തുടങ്ങിയവരൊക്കെ മുൻകൈയെടുത്തുകൊണ്ട് സമരയാത്രയെ സ്വീകരിക്കുവാൻ ജില്ലാതല സ്വാഗത സംഘങ്ങൾ രൂപീകരിക്കും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പൊതുസമൂഹം ഒന്നടങ്കം ആശാസമരത്തിന്റെ ന്യായയുക്തതയെ പിന്തുണച്ചിട്ടും സർക്കാർ ഈ മിനിമം ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാകുന്നില്ല. ഒരു തൊഴിലാളി സമരം ചെറിയ അളവിൽ പോലും വിജയിക്കുന്നത് തടയുക എന്ന മുതലാളിവർഗ താൽപര്യം മാത്രമാണ് സർക്കാർ ആശമാരുടെ ആവശ്യം അംഗീകരിക്കാത്തതിൻറെ കാരണം. സർക്കാർ സമരങ്ങളോട് പുലർത്തുന്ന ധാർഷ്ട്യത്തിൻറെയും സങ്കുചിതത്വത്തിൻറെയും സമീപനം ജനാധിത്യപത്യ വ്യവസ്ഥക്ക് വെല്ലുവിളിയാണ്.

ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു ഈ സമര യാത്രയുടെ ക്യാപ്റ്റൻ ആയിരിക്കും. സർവദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സ്ത്രീ തൊഴിലാളി അവകാശ മെയ്ദിന റാലിയോടനുബന്ധിച്ച് ഈ ഈ സമര യാത്രയുടെ ഫ്ലാഗ് ഓഫ് നടക്കുന്നതാണ്.

സംസ്ഥാനത്തെ ഒരു സർക്കാരിന്റെയും ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനാധിപത്യവിരുദ്ധ സമീപനമാണ് സമൂഹത്തിലെ ഏറ്റവും ദരിദ്രരായ സ്ത്രീ തൊഴിലാളികളുടെ ഈ സമരത്തോട് സർക്കാർ കാണിക്കുന്നത്. സമരത്തെ പിന്തുണക്കുന്ന പൗര സമൂഹത്തിൻറെ പ്രത്യേകിച്ചും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ, അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് സെക്രട്ടേറിയറ്റിന് മുമ്പിലെ രാപകൽ അതിജീവന സമരത്തോടൊപ്പം, ഈ സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തിൽ ആശമാരുടെ രാപകൽ സമര യാത്ര ആരംഭിക്കുവാൻ തീരുമാനിച്ചതെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe