തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ കോഴ്സുകൾക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ കുറവ്. 1,06,000 സീറ്റുകളിലേക്ക് ആകെ 79,500 പേരേ അപേക്ഷിച്ചിട്ടുള്ളൂ. കഴിഞ്ഞ വർഷം വരെ ഒരു ലക്ഷത്തിനു മുകളിൽ അപേക്ഷകരുണ്ടായിരുന്നു.2023-24 വർഷം വരെ സീറ്റുകളേക്കാൾ കൂടുതൽ അപേക്ഷകരുണ്ടായിരുന്നു. കഴിഞ്ഞ വർഷം 1,07,217 സീറ്റുകളിലേക്ക് 1,03,100 അപേക്ഷകൾ വന്നിരുന്നു. കഴിഞ്ഞ വർഷത്തെ 4000 അപേക്ഷകരുടെ കുറവ് ഇത്തവണ 26,500 ആയി ഉയർന്നു.
മേയ് 27-ന് ആരംഭിച്ച രജിസ്ട്രേഷൻ ജൂൺ ഒൻപതിനാണ് അവസാനിച്ചത്. അഞ്ച് ജില്ലകളിലായി 436 കോളേജുകളാണ് സർവകലാശാലയ്ക്ക് കീഴിലുള്ളത്.ഭാഷ (11), സയൻസ് (32), കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് (12), ജേണലിസം (അഞ്ച്), ഫൈൻ ആർട്സ് (നാല്), മാനവികം (16), ഡബിൾ മേജർ (10), ബിവോക് (34) എന്നിങ്ങനെയാണ്കോഴ്സുകളുള്ളത്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുതിയ കോഴ്സുകൾക്കും ബികോം, ബിസിഎ, മാനേജ്മെന്റ് കോഴ്സുകൾക്കുമാണ്. സയൻസ്, ഭാഷാ വിഷയങ്ങൾക്കാണ് അപേക്ഷകർ കുറയുന്നത്.
1,37,572 പേരാണ് ഇത്തവണ അഞ്ച് ജില്ലകളിലായി ഹയർസെക്കൻഡറി വിജയിച്ച് ഉന്നതവിദ്യാഭ്യാസത്തിന് അർഹരായത്. കാലിക്കറ്റിൽ ഇത്തവണ ലഭിച്ച അപേക്ഷകൾ വെച്ചുനോക്കുമ്പോൾ ഈ ജില്ലകളിലെ അരലക്ഷത്തിലധികം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിന്റെ ഏതു മേഖല തിരഞ്ഞെടുക്കുന്നുവെന്ന ചോദ്യം നിലനിൽക്കുന്നു.155 പുതിയ കോഴ്സുകൾ ഇത്തവണ സർവകലാശാല തുടങ്ങുന്നുണ്ട്. അതിന്റെ അഫിലിയേഷൻ നടപടികൾ പൂർത്തിയായിട്ടില്ല. അതു കഴിയുന്നതോടെ ആ സീറ്റുകളിലേക്കും പ്രവേശന നടപടികൾ ആരംഭിക്കും.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            