കൊച്ചി: മാര്‍ച്ച് എട്ടിന് നടക്കുന്ന മഹാശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ശിവരാത്രിയോടനുബന്ധിച്ച് സുരക്ഷയ്ക്കായി 1200 പോലീസുകാരെ വിന്യസിക്കും. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം തുറക്കും. മാര്‍ച്ച് എട്ടിന് വൈകിട്ട് നാലു മുതല്‍ പിറ്റേ ദിവസം ഉച്ചയ്ക്ക് ഒന്നു വരെ പൊലീസ് സേന രംഗത്തുണ്ടാകുമെന്ന് കളക്ടര്‍ അറിയിച്ചു.
ഹരിത മാര്‍ഗരേഖ പാലിച്ചായിരിക്കണം ശിവരാത്രി മഹോത്സവം നടത്തിപ്പെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഭക്തര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. ഹരിത മാര്‍ഗരേഖ ഉറപ്പാക്കാന്‍ ശുചിത്വ മിഷന്‍ സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകണം. ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പരിശോധിക്കാന്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, നഗരസഭ എന്നീ നാലു വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സി 125 അധിക സര്‍വീസുകള്‍ നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.
ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യാപാര മേള, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയവയുടെ ക്രമീകരണങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തും. വ്യാപാര മേളയ്ക്കാവശ്യമായ വാട്ടര്‍ കണക്ഷന്‍ നല്‍കിയതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഫയര്‍ ഹൈഡ്രന്റുകളും ഏര്‍പ്പെടുത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം സജ്ജമായിരിക്കും. സമീപത്തെ സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രയോജനപ്പെടുത്തും. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബാരിക്കേഡുകളും സിസി ടിവി ക്യാമറകളും സ്ഥാപിക്കും. ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തുന്ന വൊളന്റിയര്‍മാര്‍ക്ക് പുറമേ 20 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും രംഗത്തുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.
24 മണിക്കൂറും വൈദ്യുത വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിക്കും. ഫയര്‍ ഫോഴ്സിന്റെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ടാകും. സ്‌കൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ടാകും. ഫയര്‍ എക്സ്റ്റിഗ്വിഷറുകളടക്കമുള്ള സജ്ജീകരണങ്ങളുണ്ടാകും. പ്രധാന പോയിന്റുകളില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കും. ശിവരാത്രിയോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍ കെ. മീര, ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.