ആലപ്പുഴ: ചെന്നിത്തല വാഴക്കൂട്ടംകടവ് വടക്കുഭാഗത്ത് നീർനായ ആക്രമണം. അച്ചൻകോവിലാറിന്റെ കൈവഴിയായ പുത്തനാറിലാണ് നീർനായ ശല്യം രൂക്ഷമായിരിക്കുന്നത്. നീർനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആറ്റിൽ കുളിക്കുന്നതിനും നനക്കുന്നതിനുമായി ഇറങ്ങിയവരെയാണ് നീർനായ ആക്രമിച്ചത്. നീർനായ കടിച്ച് വലിച്ചതിനെ തുടർന്ന് ഇരുകാലുകളിലും പരിക്കേറ്റ ചെന്നിത്തല വാഴക്കൂട്ടം കൊറ്റോട്ടുകാവിൽ ഓമനക്കുട്ടൻ (50) മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകിട്ട് പുത്തനാറ്റിൽ തുണി അലക്കിക്കൊണ്ടിരിക്കവേയാണ് ഓമനക്കുട്ടന് നീർനായ ആക്രമണത്തിൽ പരിക്കേറ്റത്. ഒരാഴ്ച മുമ്പ് ആറ്റിൽ കുളിക്കാനിറങ്ങിയ ഓമനക്കുട്ടന്റെ ഭാര്യ മിനി (48)ക്കും നീർനായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രഞ്ജിത് കളീക്കൽചിറ, ശാരി പാമ്പനംചിറയിൽ, മനോഹരൻ മണിമന്ദിരം, ജ്യോതിമോൻ തുണ്ടുതറയിൽ, എട്ടു വയസുകാരി മനാദിൽ എന്നിവർക്കും നീർനായ ആക്രമണത്തിൽ പരിക്കേറ്റു.
കുണ്ടൂരേത്ത് തങ്കപ്പൻ (80) നീർനായ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. രണ്ടാഴ്ചയിലധികമായി നിരവധിപേർ നീർനായ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസ തേടിയിട്ടും അധികൃതർ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.