ആലപ്പുഴ: അനധികൃതമായി സർവിസ് നടത്തിയ ഏഴ് ബോട്ട് പിടിച്ചെടുത്തു. 1,20,000 രൂപ പിഴചുമത്തി. തുറമുഖ വകുപ്പ് ഉദ്യേഗസ്ഥർ, ടൂറിസം പൊലീസ്, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് എന്നിവർ നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബോട്ടുകൾ തുറമുഖ വകുപ്പിന്റെ ആര്യാട് യാർഡിലേക്ക് മാറ്റി. വേമ്പനാട്ടുകായലിൽ ഫിനിഷിങ് പോയന്റ്, സ്റ്റാർട്ടിങ് പോയന്റ്, സായ് ബോട്ട് ഹൗസ് എന്നിവിടങ്ങളിലെ ബോട്ടുകളിൽ വെള്ളിയാഴ്ച രാവിലെ 11.30 മുതൽ വൈകീട്ട് നാലുവരെയായിരുന്നു പരിശോധന.
26 ഹൗസ് ബോട്ടിലും മൂന്ന് മോട്ടോർ ബോട്ടിലും ഒരു ബാർജിലുമായിരുന്നു പരിശോധന. ഇതിൽ രേഖകളില്ലാതിരുന്ന ഏഴ് ഹൗസ് ബോട്ടാണ് പിടിച്ചെടുത്തത്. ക്രമക്കേടുകൾ കണ്ടെത്തിയ 10 ബോട്ടിന്റെ ഉടമകൾക്ക് 1,20,000 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകി. 13 ബോട്ടിന് രേഖകളുണ്ടായിരുന്നു. സ്പീഡിൽ അശ്രദ്ധയോടെ ബോട്ട് ഓടിച്ച് ചെറുവള്ളങ്ങൾക്ക് അപകടം ഉണ്ടാക്കരുതെന്ന കർശന നിർദേശം നൽകി. പരിശോധനക്ക് പോർട്ട് ചെക്കിങ് സ്ക്വാഡിലെ പി. ഷാബു, ടൂറിസം എസ്.ഐമാരായ പി.ആർ. രാജേഷ്, ടി. ജയമോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി. ശ്രീജ, ആർ. ജോഷിത്, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് എസ്.ഐ ആൽബർട്ട്, കോസ്റ്റൽ വാർഡൻ രഞ്ജിത് എന്നിവർ പങ്കെടുത്തു.