ആറുവരിപ്പാത അടക്കമുള്ള പദ്ധതികൾക്ക് കൂടുതൽ ഫണ്ടുലഭിച്ചത് കേരളത്തിന്; ചെലവഴിച്ചത് ഏറ്റവും കുറവ്

news image
Apr 8, 2025, 1:21 pm GMT+0000 payyolionline.in

കോഴിക്കോട്: ദേശീയപാതകളുടെ വികസനത്തിന് രാജ്യത്ത് ഏറ്റവുംകൂടുതൽ ഫണ്ടുലഭിച്ച കേരളം ചെലവഴിച്ചതിൽ ഏറ്റവുംപുറകിൽ. നിലവിലുള്ള ആറുവരിപ്പാതയുൾപ്പെടെയുള്ള പദ്ധതികൾക്ക് 23,300 കോടിരൂപയാണ് 2024-25 സാമ്പത്തികവർഷം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം കേരളത്തിനനുവദിച്ചത്. ഇതിൽ 31 ശതമാനമേ (7300 കോടി) ചെലവഴിച്ചുള്ളൂ.

ആന്ധ്രയും തെലങ്കാനയുമടക്കമുള്ള സംസ്ഥാനങ്ങൾ 100 ശതമാനം ഫണ്ടും ഉപയോഗപ്പെടുത്തി. അയൽസംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും കേരളത്തെക്കാൾ ബഹുദൂരം മുന്നിലുമാണ്. മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷത്തിനു മുൻപേ ചെലവഴിച്ച ബില്ലുകൾ പ്രകാരംമാത്രമുള്ള കണക്കാണിത്. ദേശീയപാതാ വികസനത്തിന്റെ ഫണ്ട് ചെലവഴിക്കുന്നതിൽ കേരളം നേരത്തേതന്നെ പുറകിലാണ്. ഇത്തവണ മെച്ചപ്പെടുത്തിയെങ്കിലും 31 ശതമാനത്തിലെത്തിക്കാനേ കഴിഞ്ഞുള്ളൂ.

സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ വൈകിയത്, കരാറുകാരുടെ പ്രശ്നങ്ങൾ, മണ്ണുലഭിക്കാത്തത് എന്നിവയാണ് പ്രതിസന്ധിയായത്. വളരെ വൈകിയാണ് പ്രവൃത്തി പുരോഗമിച്ചതും. നാല് സ്ട്രെച്ചുകളുടെ പുരോഗതി 50 ശതമാനത്തിലും താഴെയാണ്. അരൂർ-തുറവൂർ റോഡ്, തുറവൂർ-പരവൂർ റോഡ്, പറവൂർ-കൊറ്റംകുളങ്ങര, കടമ്പാട്ടുകോണം-കഴക്കൂട്ടം റോഡ് എന്നിവയാണ് പുറകിലുള്ള സ്ട്രെച്ചുകൾ.

മലബാറിലാണ് കൂടുതൽ പുരോഗതിയുള്ളത്. തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് എന്നീ സ്ട്രെച്ചുകളാണ് വേഗത്തിൽ നീങ്ങുന്നത്. ഇതിൽ 28.4 കിലോമീറ്റർവരുന്ന കോഴിക്കോട് ബൈപ്പാസ് അവസാനഘട്ടത്തിലാണ്.

യുക്തിരഹിതമായ കണക്ക്

കേരളത്തിൽ ദേശീയപാതാ നിർമാണത്തിന് 31 ശതമാനം ഫണ്ടേ ഉപയോഗിച്ചിട്ടുള്ളൂവെന്നത് യുക്തിരഹിതമായ കണക്കാണ്. പശ്ചാത്തലവികസനത്തിന് ഒരുമിച്ചല്ല, ഘട്ടംഘട്ടമായാണ് ഫണ്ടുപയോഗിക്കുക. ഭൂമിയേറ്റെടുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാവാതെ എങ്ങനെയാണ് കിട്ടിയ ഫണ്ട് മുഴുവൻ ചെലവഴിക്കുക. ഭൂമിയേറ്റെടുക്കലിന് ഇതുവരെ 25,000 കോടി ചെലവുവന്നിട്ടുണ്ട്. അതിൽ 5600 കോടി സംസ്ഥാന സർക്കാരാണ് നൽകിയത്. -പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് മന്ത്രി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe