ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

news image
May 16, 2024, 8:06 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്. കൈവിരലിന്‍റെ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂർ മധുര ബസാറിലെ 4 വയസുകാരിക്കാണ് മെഡിക്കൽ കോളജിലെ മാതൃഭൂമി ശിശു സംരക്ഷണ കേന്ദ്രത്തിലെ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഇന്ന് രാവിലെ 9.30നാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. നാലു വയസുകാരിയുടെ കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് ചെറുവണ്ണൂർ മധുര ബസാറിലെ കുടുംബം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിയത്. ആറാം വിരൽ മുടിയിൽ തട്ടിയും മറ്റും മുറിയുന്ന സാഹചര്യത്തിൽ ആയിരുന്നു ഇത് നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചതും അതിനനുസരിച്ച് എന്നിവർ ഒപിയിൽ എത്തിയതും. എന്നാൽ, അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു.

ചികിത്സ പിഴവ് വ്യക്തമായതോടെ ഡോക്ടർ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്.

കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ആറാം വിരല്‍ നീക്കേണ്ട ശസ്ത്രക്രിയ ആണ് ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്സിന്‍റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകള്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ അരുൺ പ്രീത് പറഞ്ഞു. കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പ്രതികരണം.

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ അവയവം മാറിയുള്ള ശസ്ത്രക്രിയ എന്ന പരാതി ഉയരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe