മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിൽ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം. എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശൻ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം.
കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.
മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു. ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‍ലീം ലീഗ് ഉൾപ്പെടെ വിളിച്ച് ചേർത്ത സമിതിയിൽ ഈഴവർ ഉണ്ടെങ്കിൽ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈ പ്രസംഗത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. നിരവധി സംഘടനകൾ വെള്ളാപ്പള്ളിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിനിടെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. സമുദായത്തിന്റെ പിന്നാക്കാവസ്ഥയാണ് താൻ പറഞ്ഞത്. പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. തന്നെ വർഗീയവാദിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് എസ്.എൻ.ഡി.പിക്ക് ഒരു കോളജ് പോലുമല്ല. എന്നാൽ, 17 കോളജുകളാണ് മുസ്‍ലിം സമുദായത്തിന് ഉള്ളത്. മലപ്പുറത്തെ എസ്.എൻ.ഡി.പിയുടെ ഒരു അൺ എയ്ഡഡ് കോളജ് എയ്ഡഡാക്കാൻ നിരന്തരമായി അഭ്യർഥിച്ചിട്ടും അത് ചെയ്ത് തരാൻ യു.ഡി.എഫ് ഭരണകാലത്ത് തയാറായില്ല. തുടർന്നാണ് ലീഗുമായി വേർപിരിയുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഭൂരിപക്ഷം ലീഗിലെ സമ്പന്നരുടെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു.