‘ആരും ഉപദ്രവിച്ചില്ല, ഭക്ഷണവും വസ്ത്രവും വാങ്ങി തന്നു’: അനൂസ് റോഷനെ താമസിപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിൽ

news image
May 22, 2025, 5:01 pm GMT+0000 payyolionline.in

കോഴിക്കോട് : കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെ (21) താമസിപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിൽ. ഇക്കാര്യം അനൂസ് റോഷൻ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആറു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ആരും ഉപദ്രവിച്ചില്ലെന്നും ഭക്ഷണവും വസ്ത്രവും വാങ്ങിത്തന്നിരുന്നതായും അനൂസ് പറഞ്ഞു. തിരികെ കാറിൽ എത്തിച്ചത് 2 പേരാണ്. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തരുതെന്ന് പൊലീസ് നിർദേശം നൽകിയതിനാൽ മറ്റു കാര്യങ്ങൾ വെളിപ്പെടുത്താനില്ലെന്നും അനൂസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോയവരെന്നു സംശയിക്കുന്നവരുടെ ലുക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെ പുറത്തിറക്കി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് അനൂസിനെ വിട്ടയയ്ക്കാനുള്ള കളമൊരുങ്ങിയതെന്നാണു വിവരം. കാണാതായി അഞ്ചാം ദിവസം യുവാവിനെ മലപ്പുറം കൊണ്ടോട്ടിയിലാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം കർണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.കൊടുവള്ളി കിഴക്കോത്ത് സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ അനൂസ് റോഷനെ കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. വിദേശത്ത് അനൂസിന്റെ സഹോദരൻ അജ്മൽ റോഷനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണ് ഇതിനു പിന്നിലെന്ന സൂചന ലഭിച്ചിരുന്നു. കെഎൽ 65 എൽ 8306 എന്ന നമ്പർ പ്ലേറ്റ് വച്ച കാറിലാണ് സംഘം എത്തിയത്. ഈ കാർ നമ്പർ വ്യാജമാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.

ബൈക്കിൽ എത്തിയ രണ്ടുപേരും കാറിലെത്തിയ അഞ്ചു പേരുമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് മറ്റു പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. കെഎൽ 10 ബിഎ 9794 എന്ന വെള്ള മാരുതി സ്വിഫ്റ്റ് കാറിനെ സംബന്ധിച്ചും കെഎൽ 20 ക്യു 8164 എന്ന സ്‌കൂട്ടറിനെ കുറിച്ചും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കണമെന്ന നിർദേശമാണ് പൊലീസ് നൽകിയത്.

അനൂസിനൊപ്പം നാട്ടിലേക്കു തിരിച്ച സംഘാംഗങ്ങൾ പൊലീസിന്റെ പിടിയിലാകുമെന്ന് കരുതി പാലക്കാട് ഇറങ്ങിയതായാണു സൂചന. അനൂസ് എത്തിയ വാഹനം കസ്റ്റഡിയിൽ എടുത്ത പൊലീസ് ഈ ടാക്സിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് താമരശേരി ഡിവൈഎസ്പി കെ.സുഷീർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe