ഹൈദരാബാദ്: എസ്.എസ്. രാജമൗലിയുടെ ബാഹുബലി ഫ്രാഞ്ചൈസി ഇന്ത്യൻ സിനിമയിൽ ഒരു പുത്തന്‍ തരംഗം ഉണ്ടാക്കിയ ചലച്ചിത്ര സംഭവമാണ്. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു, അതേസമയം പാന്‍ ഇന്ത്യന്‍ എന്ന വാക്ക് ആക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവുമാക്കി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ നിരന്തര ആവശ്യം പരിഗണിച്ച് ഈ ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവർ അഭിനയിച്ച ഈ ചിത്രം 2025 ജൂലൈ 10 ന് തിയേറ്ററുകളിൽ എത്തും എന്നാണ് വിവരം.
ബാഹുബലി: ദി ബിഗിനിംഗ് 2015 ലാണ് ബിഗ് സ്ക്രീനില്‍ എത്തിയത്. അതിവേഗമാണ് ചിത്രം ഇന്ത്യയില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ റെക്കോർഡുകൾ തകര്‍ത്തത്. തിയേറ്റർ റിലീസിന് ശേഷം ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി മാറി അന്ന് ബാഹുബലി മാറി.
ബോക്സ് ഓഫീസ് വിജയത്തിനപ്പുറം, ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തിന്, പ്രത്യേകിച്ച് പ്രഭാസിന്റെ പ്രകടനം വ്യാപകമായ പ്രശംസ നേടി. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്.
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയ്ക്കൊപ്പം സ്പെഷ്യൽ ഇഫക്റ്റുകളുടെയും വിഎഫ്എക്സുകളുടെയും ഗംഭീര ഉപയോഗത്തിലൂടെയും ബാഹുബലി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഇന്ത്യന്‍ സിനിമയുടെ അതുവരെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തന്നെ മാറ്റിമറിച്ചു ബാഹുബലി.
ചിത്രത്തിന്റെ സംഗീത സംവിധായകന് എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. രണ്ടാം ഭാഗമായി 2017 ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷനും ബോക്സോഫീസ് റെക്കോഡുകള്‍ തകര്‍ത്തു.