തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്ക്, അജയ് മാക്കന് എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നിലവില്‍ ഭൂരിപക്ഷ എംഎല്‍എമാരുടെയും പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന് പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.
എഐഐസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനിരിക്കെ സമ്മര്‍ദ്ദം ശക്തമാക്കാനാണ് കെ സി, വി ഡി, ആര് സി വിഭാഗങ്ങളുടെ നീക്കം. എംഎല്‍എമാരുടെ പിന്തുണ മാത്രമാകരുത് മാനദണ്ഡം എന്ന് ആവശ്യപ്പെട്ട് മൂന്ന് നേതാക്കളുടെയും അനുയായികള്‍ ഹൈക്കമാന്‍ഡിന് മെയില്‍ അയക്കുകയാണ്. മുഖ്യമന്ത്രി ചര്‍ച്ച നീട്ടിക്കൊണ്ടുപോകാതെ ഉടന്‍ തീരുമാനം എടുക്കണമെന്നണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.
അതിനിടെ ഫ്ളക്സ് യുദ്ധവും മുറുകുന്നുണ്ട്. കെപിസിസി ഓഫീസിന് മുന്നില്‍ വെച്ച കെ സി വേണുഗോപാലിന്റെ ഫ്ളക്സ് ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം നടത്തി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് കരി ഓയില്‍ ഒഴിച്ചത്. പിന്നാലെ ബോര്‍ഡുകള്‍ നീക്കം ചെയ്തു. ‘We Want KC… Warm Welcome Leader’ എന്നെഴുതിയ ബോര്‍ഡിലാണ് കരി ഓയിലൊഴിച്ചത്. കെപിസിസി ഓഫീസ് പരിസരത്തെ കെ സി അനുകൂല ബോര്‍ഡുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്.
തലസ്ഥാനത്ത് വി ഡി അനുകൂല ബോര്‍ഡുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ‘കെ സി’ അനുകൂല ബോര്‍ഡുകളോട് ചേര്‍ന്നാണ് ‘വി ഡി’യുടെ ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളയമ്പലം ജംഗ്ഷനില്‍ വി ഡിയുടെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നു. ‘നാച്ചുറല്‍ ചോയ്സ്’ എന്ന തലക്കെട്ടിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
