കണ്ണൂര്: ടി പി ചന്ദ്രശേഖരൻ വധക്കേസ് നാലാം പ്രതി ടി കെ രജീഷിന് കണ്ണൂർ താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ. കഴിഞ്ഞ ഒൻപതാം തീയതിയാണ് രജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് ആയുർവേദ ഡോക്ടർ നടത്തിയ പരിശോധനയിലാണ് കിടത്തി ചികിത്സ നിർദേശിച്ചത്. ഡിഎംഒ അടങ്ങിയ മെഡിക്കൽ ബോർഡ് ഈ നിർദേശം ശരിവച്ചു. ടി പി വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ചതുൾപ്പെടെ നിരന്തരം ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ടി കെ രജീഷിന്റെ കിടത്തി ചികിത്സ. 2018 ൽ ടി പി വധക്കേസ് പ്രതികൾ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ നടത്തിയത് വിവാദമായിരുന്നു. കോടതിയിൽ വിചാരണയ്ക്കെത്തിച്ച കൊടി സുനിയും സംഘവും പൊലീസിനെ കാവൽനിർത്തി മദ്യപിച്ചതിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.