ആയുസ്സ് കൂട്ടാന്‍ മരുന്ന്?എലികളിലെ പരീക്ഷണം വിജയം; ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചത് 30 ശതമാനം

news image
May 30, 2025, 11:50 am GMT+0000 payyolionline.in

ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിപ്ലവകരമായ കണ്ടുപിടിത്തവുമായി ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജി ഓഫ് ഏജിങ്. എഫ്ഡിഎ അംഗീകരിച്ച റാപാമൈസിന്‍-ട്രമെറ്റിനിബ് എന്നീ മരുന്നുകളുടെ സംയുക്തം എലികളുടെ ആയുസ്സ് 30 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തിയത്. ആയുര്‍വര്‍ധനയ്ക്ക് പുറമേ, നീര്‍വീക്കം കുറയ്ക്കുക, ട്യൂമറിന്റെ വളര്‍ച്ച വൈകിപ്പിക്കുക, ശാരീരികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ഗുണങ്ങളും എലികള്‍ പ്രകടിപ്പിച്ചു.

കാന്‍സര്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് ട്രമെറ്റിനിബ്. റാപാമൈസിന്‍ മാത്രം ആയുസ്സ് 17-18% ഉം ട്രമെറ്റിനിബ് 7-16% ഉം വര്‍ദ്ധിപ്പിച്ചപ്പോള്‍, അവയുടെ സംയുക്തം 26-35 ശതമാനം വര്‍ധനവ് നേടി. ട്രമെറ്റിനിബ്് ശരീരത്തില്‍ എങ്ങനെയാണ് നല്‍കേണ്ടത്, എത്ര ഡോസ് നല്‍കണം എന്നതുസംബന്ധിച്ചുള്ള തീരുമാനങ്ങളിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് ഗവേഷകര്‍. മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുവാദമുള്ള ഈ മരുന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും.എലികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനായതിന് സമാനമായി മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും മരുന്നുകള്‍ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങള്‍ ഇല്ലാതിരിക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഠനത്തിന്റെ കോ സീനിയര്‍ റൈറ്റര്‍ ഡെയിം ലിന്‍ഡ പാട്രിട്ജ് പറയുന്നു. വരുന്ന വര്‍ഷങ്ങളില്‍ ഈ മരുന്നുമായി ബന്ധപ്പെട്ട് നടക്കുന്ന കൂടുതല്‍ പരീക്ഷണങ്ങളിലൂടെ ഇത് മനുഷ്യര്‍ക്ക് എത്രത്തോളം ഉപയോഗപ്രദമാകുമെന്ന് കണ്ടെത്താനാകുമെന്ന കൃത്യമായ ധാരണ നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.ആന്റി-ഏജിങ് തെറാപ്പികള്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യത ഉയര്‍ത്തുന്നതാണ് ഈ കണ്ടെത്തലുകള്‍. എത്രത്തോളം സുരക്ഷിതമാണ് ഈ മരുന്ന് എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും ആവശ്യമാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe