ഇംഫാൽ: കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങൾ തിരികെ നൽകണമെന്ന് മണിപ്പൂർ ജനതയ്ക്ക് ഗവർണറുടെ അന്ത്യശാസനം. ഏഴു ദിവസത്തിനുള്ളിൽ ആയുധങ്ങൾ തിരിച്ചേൽപ്പിക്കണമെന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ ശിക്ഷാ നടപടികളുണ്ടാവില്ലെന്നും ഗവർണർ അജയ് കുമാർ ഭല്ല പറഞ്ഞു. അതേസമയം, ഒരാഴ്ചയ്ക്കു ശേഷവും ആയുധം കൈവശം വയ്ക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.
സമാധാനത്തെയും സാമുദായിക സൗഹാർദത്തെയും ബാധിച്ച ദൗർഭാഗ്യകരമായ സംഭവവികാസങ്ങൾ കാരണം മണിപ്പൂരിന്റെ താഴ്‌വരയിലും പർവതപ്രദേശങ്ങളിലുമുള്ള എല്ലാ ജനങ്ങളും കഴിഞ്ഞ 20 മാസമായി ദുരിതമനുഭവിക്കുകയാണ്.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായും ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും പരസ്പര ശത്രുത അവസാനിപ്പിച്ച് ക്രമസമാധാനം തിരിച്ചുപിടിക്കാൻ സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും മുന്നോട്ടുവരണമെന്നും ഭല്ല പ്രസ്താവനയിൽ അറിയിച്ചു.ഇതിനായി പ്രത്യേകിച്ചും, യുവാക്കൾ ആയുധങ്ങൾ അടുത്ത പൊലീസ് സ്റ്റേഷനിലോ സൈനിക ക്യാംപിലോ ഔട്ട്പോസ്റ്റുകളിലോ ഏൽപ്പിക്കണം. ആയുധം തിരികെ നൽകുന്ന ഈ ചെറിയ പ്രവൃത്തി മണിപ്പുരിൽ സമാധാനം ഉറപ്പാക്കുന്നതിലേക്കുള്ള ശക്തമായ സന്ദേശമാകുമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് സമാധാനം തിരികെക്കൊണ്ടുവന്ന് യുവാക്കളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഭല്ല കൂട്ടിച്ചേർത്തു. മണിപ്പൂരിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തി ദിവസങ്ങൾക്കുശേഷമാണ് ഗവർണറുടെ ഉത്തരവ്.