ആയഞ്ചേരി : ആയഞ്ചേരിയിൽ തേങ്ങാ കൂടക്ക് തീപ്പിടിച്ച് വീട്ടിലെ ഗൃഹോപകരണങ്ങളും വീടിന്റെ അടുക്കളയും കത്തി നശിച്ചു. ആയഞ്ചേരി തറോപ്പൊയിൽ ഷഫീക്കിന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂർണമായും കത്തി നശിച്ചത്. 3,000 ത്തോളം തേങ്ങയും പത്തോളം ചാക്ക് അടക്കയും ഫ്രിഡ്ജ് ഉൾപ്പെടെ ഇലക്ട്രിക്ക് ഉപകരണങ്ങൾ, വയറിംഗ്, പ്ലമ്പിംഗ്, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയും പൂർണ്ണമായി കത്തിനശിച്ചു. ഏകദേശം ആറു ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നു.
വടകര ഫയർഫോയ്സും നാട്ടുകാരുടെയും കഠിന പ്രയത്നം കൊണ്ട് തീ അണച്ചതിനാൽ ആളപായമില്ലാതെ രക്ഷപ്പെട്ടു. തീയണക്കുന്നതിന്നിടയിൽ വീട്ടുകാരനായ സജാദിനു കാലിനും കൈക്കും സാരമായി പൊള്ളലേറ്റു. യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ല പ്രസിഡണ്ടാണ് ഷഫീഖ്. ആയഞ്ചരി ഗ്രാമ പ്രസിഡൻ്റ് എൻ അബ്‌ദുൾ ഹമീദ്, താലൂക്ക് വികസനസമിതി അംഗം പ്രദീപ് ചോമ്പാല, മുസ്ലിം ലീഗ് മണ്ടലം പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വാർഡ് മെമ്പർ ലിസ പുനയങ്കോട്ട് എന്നിവർ സന്ദർശിച്ചു.