കാലിഫോർണിയ: ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 17 ആപ്പിൾ അവതരിപ്പിച്ചു. പുത്തന്‍ രൂപകല്പനയിലെത്തുന്ന ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്സ് സ്മാര്‍ട്ഫോണുകളില്‍ ആകര്‍ഷകമായ ഒട്ടേറെ ഫീച്ചറുകളുമുണ്ട്. പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കുന്ന പതിവ് പോലെ, കഴിഞ്ഞ വർഷത്തെ ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളുടെ വിലയിൽ ആപ്പിൾ താരതമ്യേന കുറവ് വരുത്തിയിട്ടുണ്ട്. ഫോണിലെ താപനില നിയന്ത്രിക്കാനുള്ള പുതിയ സംവിധാനങ്ങളാണ് പ്രോ മോഡലുകളിലെ മാറ്റങ്ങളില്‍ ആദ്യത്തേത്.
ഫോണ്‍ ചൂടാകുന്നത് നിയന്ത്രിക്കുക വഴി ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനും ഉപഭോക്താവിന്റെ ഫോണ്‍ ഉപയോഗം കൂടുതല്‍ സുഖകരമാവുകയും ചെയ്യുന്നു. ആപ്പിള്‍ രൂപകല്പന ചെയ്ത പുത്തന്‍ വേപ്പര്‍ ചേമ്പറാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡി-അയണൈസ്ഡ് ജലം നിറച്ചാണ് വേപ്പര്‍ ചേമ്പര്‍ ഒരുക്കിയിരിക്കുന്നത്. ഇത് ഐഫോണ്‍ പ്രോയുടെ അലൂമിനം
ഷാസിയില്‍ ലേസര്‍ വെല്‍ഡ് ചെയ്ത് ഘടിപ്പിച്ചിരിക്കുന്നു. ഇത് ഫോണിനുള്ളിലെ പ്രധാന ഭാഗങ്ങളില്‍ നിന്നുള്ള ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍ രൂപകല്പന ചെയ്ത എയറോസ്പേസ് ഗ്രേഡ് അലൂമിനം അലോയിലാണ് ഐഫോണുകളുടെ ബോഡി തയ്യാറാക്കിയിരിക്കുന്നത്. ചൂട് നിയന്ത്രിക്കാന്‍ ഇതും സഹായകമാവും.
പുതിയ സെന്റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറയാണ് ഐഫോണ്‍ 17ന് നല്‍കിയിരിക്കുന്നത്. ആദ്യമായി സമചതുരാകൃതിയിലുള്ള ഫ്രണ്ട് ക്യാമറ സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ ഉള്‍പ്പടെ വിവിധ രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിലാവും. ഗ്രൂപ്പ് സെല്‍ഫി എടുക്കുമ്പോള്‍ ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഓട്ടോമാറ്റിക് ആയി ഫീല്‍ഡ് ഓഫ് വ്യൂ ക്രമീകരിക്കുകയും ചെയ്യും. ഫോണ്‍ വെര്‍ട്ടിക്കലായി പിടിച്ച് തന്നെ കൂടുതലാളുകളുള്ള ഹൊറിസോണ്ടല്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
മികച്ച വീഡിയോകള്‍ എടുക്കാന്‍ സാധിക്കുന്ന അള്‍ട്രാ സ്റ്റെബ്ലൈസ്ഡ് 4കെ എച്ച്ഡിആര്‍ പിന്തുണയും സെല്‍ഫി ക്യാമറയ്ക്കുണ്ട്. നാളിതുവരെ പുറത്തിറക്കിയ ഐഫോണുകളില്‍ ഉള്ക്കൊള്ളിച്ചതിനേക്കാള് ശേഷിയേറിയ ക്യാമറാ സിസ്റ്റമാണ് ഐഫോണ്‍ 17 പ്രോ, പ്രോ മാക്സ് മോഡലുകളില്‍ പിടിപ്പിച്ചിരിക്കുന്നത്. 48 എംപി ഫ്യൂഷന്‍ മെയിന്‍ ക്യാമറയില്‍ ഒപ്റ്റിക്കല്‍ ക്വാളിറ്റി 2എക്സ് ടെലിഫോട്ടോ സൗകര്യം ലഭ്യമാണെന്ന് കമ്പനി പറയുന്നു. മുന്‍ പതിപ്പിലേക്കാള്‍ പുതിയ സെന്‍സര്‍ നാലിരട്ടി കൂടുതല്‍ റെസലൂഷന്‍ നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഐഫോൺ 17 എയറിന്റെ ഇന്ത്യൻ വിപണി വില
256GB | 1,19,900 |
512GB | 1,39,900 |
1TB | 1,59,900 |
ഐഫോൺ 17ന്റെ ഇന്ത്യൻ വിപണി വില
256GB | 82,900 |
512GB | 1,02,900 |
ഐഫോൺ 17 പ്രൊയുടെ ഇന്ത്യൻ വിപണി വില
256GB | 1,34,900 |
512GB | 1,54,900 |
1TB | 1,74,900 |
ഐഫോൺ 17 പ്രൊ മാക്സിന്റെ ഇന്ത്യൻ വിപണി വില
256GB | 1,49,900 |
512GB | 1,69,900 |
1TB | 1,89,900 |
2TB | 2,29,900 |