ന്യൂഡൽഹി ∙ ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തില് ഉത്തരവിട്ട ജഡ്ജിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’യുടെ അഭിഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി പി. ഗോപിനാഥെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ നോട്ടിസയച്ച സുപ്രീം കോടതി, അദ്ദേഹം ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവു സ്റ്റേ ചെയ്തു.
കേസിലെ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്ന ആവശ്യത്തോടു ജഡ്ജിമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് യോജിച്ചില്ല. വിഷയം മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നിൽ ആവശ്യമുന്നയിക്കാമെന്ന് ഉത്തരവിൽ രേഖപ്പെടുത്തണമെന്ന് വിശ്വ ഗജ സേവാ സമിതിക്കു വേണ്ടി അഭിഭാഷകനായ വികാസ് സിങ് ആവശ്യമുയർത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല.
ഇതിനിടെ, ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ ഹൈക്കോടതി കേസെടുത്തു പരിഗണിക്കുന്ന വിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് മാറ്റണമെന്ന ആവശ്യം തിരുവമ്പാടി ദേവസ്വം ഉൾപ്പെടെ ഹർജിക്കാർ ഉയർത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല. കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ തങ്ങൾക്കു താൽപര്യമില്ലെന്നും ഇതു പരിഗണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബെഞ്ച്.
ആനകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികൾക്കൊപ്പം ഇതു കൂടി ചേർത്ത് പരിഗണിക്കണമെന്ന് ദേവസ്വത്തിനായി ഹാജരായ മുകുൾ റോഹത്ഗിയും എം.ആർ.അഭിലാഷും ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് വഴങ്ങിയില്ല. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് കേരളത്തിലെ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ബെഞ്ച് ആവർത്തിച്ചു. തുടർന്ന് ദേവസ്വം നൽകിയ കോടതിമാറ്റ ഹർജി ദേവസ്വം പിൻവലിച്ചു. നിയമപരമായ മറ്റു വഴികൾ തേടാൻ ദേവസ്വത്തിന് ബെഞ്ച് അനുമതി നൽകി.