ആധാർ: നവജാത ശിശുക്കൾക്കും എൻറോൾ ചെയ്യാം, ബയോമെട്രിക്‌സ് ശേഖരിക്കില്ല; നിർദേശങ്ങൾ പുറപ്പെടുവിച്ച് ഐടി മിഷൻ

news image
May 16, 2025, 11:39 am GMT+0000 payyolionline.in

ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ വിരലടയാളം, കൃഷ്ണമണി രേഖ തുടങ്ങിയ ബയോമെട്രിക്‌സ് ശേഖരിക്കില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻറ് പൂർത്തീകരിക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായിക്കും.

കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണമെന്നും നിർദേശത്തിലുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴു വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം നൂറ് രൂപ അടക്കേണ്ടി വരും.

പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. തക്ക സമയത്ത് ബയോമെട്രിക് പുതുക്കൽ നടത്തിയാൽ നീറ്റ്, ജെഇഇ മറ്റ് മത്സര പരീക്ഷകൾ എന്നിവക്ക് രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകുന്നതാണ്.

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. പല വകുപ്പുകളും ആധാറിൽ കൊടുത്തിരിക്കുന്ന മൊബൈലിലോ ഇ-മെയിലിലോ ഒടിപി അയച്ച് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 5 വയസുവരെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ ഉൾപ്പെടുത്തൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും – സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 / 0471-2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442, [email protected].

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe