ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനംചെയ്ത ‘കാന്താര’യുടെ പ്രീക്വല്‍ ആയ കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. എല്ലാ ഭാഷകളില്‍ നിന്നുമായി ചിത്രം 60 കോടി രൂപ നേടിയെന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്. ട്രേഡ് ട്രാക്കറായ സക്നില്‍ക്കിന്റെ ആദ്യ കണക്കുകള്‍ പ്രകാരമാണിത്.
സക്നില്‍ക്കിന്റെ കണക്കനുസരിച്ച്, ഹിന്ദിയില്‍ നിന്ന് ഏകദേശം 19-21 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ഫെസ്റ്റിവല്‍ റിലീസായാണ് ‘കാന്താര ചാപ്റ്റര്‍ 1’നെ വിശേഷിപ്പിക്കുന്നത്.
ബോക്സ് ഓഫീസില്‍ ധര്‍മ പ്രൊഡക്ഷന്‍സിന്റെ ‘സണ്ണി സന്‍സ്കാരി കി തുളസി കുമാരി’യുമായി ഈ കന്നഡ ചിത്രം ഏറ്റുമുട്ടി. വരുണ്‍ ധവാന്, ജാന്‍വി കപൂര്‍, രോഹിത് സറഫ്, സന്യ മല്‍ഹോത്ര എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം 9.25 കോടി രൂപയാണ് നേടിയത്.
യഷിന്റെ ‘കെജിഎഫ്: ചാപ്റ്റര്‍ 2’-ന് ശേഷം ഹിന്ദി വിപണിയില്‍ ഒരു കന്നഡ സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിങ്ങാണ് ഋഷഭ് ഷെട്ടി ചിത്രത്തിന് ലഭിച്ചത്. കെജിഎഫ് 54 കോടി രൂപയാണ് നേടിയത്.
125 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മിച്ച ഋഷഭ് ഷെട്ടിയുടെ ഈ സംവിധാന സംരംഭത്തിന്റെ ആദ്യദിന കളക്ഷന്‍ ചിത്രത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
ഋഷഭ് ഷെട്ടി, ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2024-ല്‍ ‘കാന്താര’യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രം നേടി.