ബോസ്റ്റൺ: ഷിക്കാഗോയിൽ നിന്ന് ജർമ്മനിയിലേക്ക് പോയ ലുഫ്താൻസ വിമാനത്തിൽ സംഘർഷം. രണ്ട് കൗമാരക്കാരെ ഫോർക്ക് ഉപയോഗിച്ച് കുത്തിയ ഇന്ത്യാക്കാരൻ പ്രണീത് കുമാർ ഉസിരിപ്പള്ളിയെ യുഎസിൽ അറസ്റ്റ് ചെയ്തു. പ്രണീതിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് ചുമലിലും മറ്റൊരാൾക്ക് തലയുടെ പിന്നിലും പരിക്കേറ്റു. പരിക്കേറ്റവർ ചികിത്സയിലാണ്.
ഫോർക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. അടുപ്പിച്ചുള്ള മൂന്ന് സീറ്റിൽ മധ്യഭാഗത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു ആദ്യത്തെ ഇര. ഇയാലെയാണ് ആദ്യം പ്രണീത് ആക്രമിച്ചത്. പിന്നാലെ രണ്ടാമനെയും കുത്തി. വിമാന ജീവനക്കാർ തടയാനെത്തിയപ്പോൾ തോക്ക് കൈയ്യിലുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഇയാൾ കൈകൾ വായുടെ ഭാഗത്തേക്ക് കൊണ്ടുവന്ന് കാഞ്ചി വലിക്കുന്നതായി അഭിനയിച്ചു. പിന്നാലെ യാത്രക്കാരിയായ ഒരാളുടെ നേരെ തിരിഞ്ഞ് ഇവരെ മർദിക്കുകയും ചെയ്തു. വിമാന ജീവനക്കാരിൽ ഒരാളെയും ഇയാൾ മർദിക്കാൻ ശ്രമിച്ചു.
ആക്രമണത്തിന് പിന്നാലെ വിമാനം ബോസ്റ്റണിലെ ലോഗൻ വിമാനത്താവളത്തിൽ തിരിച്ചിറക്കി. പിന്നാലെ പൊലീസെത്തി പ്രണീതിനെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥി വീസയിലാണ് ഇയാൾ അമേരിക്കയിലെത്തിയത്. മാരകായുധം ഉപയോഗിച്ചു ആക്രമിച്ചെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ ജയിൽശിക്ഷയും രണ്ടര ലക്ഷം ഡോളർ വരെ പിഴയും ശിക്ഷ ലഭിക്കും.
