ആംബുലൻസിൽ കയറിയെന്ന് സുരേഷ് ഗോപി; ‘കാലിന് സുഖമില്ലായിരുന്നു, ഗുണ്ടകൾ കാർ ആക്രമിച്ചു’

news image
Oct 31, 2024, 4:44 am GMT+0000 payyolionline.in

തൃശൂർ: പൂരസ്ഥലത്തേക്ക് ആംബുലൻസിൽ പോയിട്ടില്ലെന്ന പ്രസ്താവനയിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി എം.പി. ആംബുലൻസിൽ കയറിയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, പ്രചരിപ്പിക്കപ്പെടുന്ന പോലെയല്ല അത്. തന്‍റെ കാലിന് സുഖമില്ലായിരുന്നു. കാറിലെത്തിയപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടകൾ ആക്രമിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകൾ: ‘ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ് കേസ് കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കിൽ, ആ മൊഴിയിൽ എന്താ പറഞ്ഞിരിക്കുന്നത്. ആ മൊഴി പ്രകാരം എന്താ കേസെടുക്കാത്തത്. ഞാൻ വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ എന്താ പറഞ്ഞെ, ചങ്കൂറ്റമുണ്ടെങ്കിൽ എന്നാണ്. സിനിമാ ഡയലോഗായി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. നിങ്ങൾ അത് എങ്ങനെയാണ് ജനങ്ങളിലേക്ക് ഒരാളെ മോശക്കാരനായി കാണിക്കാൻ ഉപയോഗിക്കുന്നത്. നിങ്ങൾക്ക് അതിനുള്ള അവകാശമില്ല. ആ ഡയലോഗ് എവിടെവേണമെങ്കിലും ആർക്ക് വേണമെങ്കിലും പറയാം. അത് സെൻസർ ചെയ്ത് തിയറ്ററിൽ ടിക്കറ്റെടുത്ത് വന്നവരുടെ മുന്നിൽ പ്രദർശിപ്പിച്ചതാണ്. ഒരുത്തന്‍റെയും തന്തയുടെ വകയല്ല എന്നല്ലേ പറഞ്ഞത്. ഇത് എല്ലായിടത്തും ഉപയോഗിക്കുന്നതല്ലേ. അത്രയേയുള്ളൂ. ആരുടെയും അപ്പന് വിളിച്ചതല്ല’

 

‘(പൂരത്തിൽ) ആ ആംബുലൻസ് എവിടെയാണ് ഉണ്ടായിരുന്നതെന്ന് നിങ്ങൾ അന്വേഷിക്കൂ. റിങ്ങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവർക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള അറേഞ്ച്മെന്‍റാണത്. ഞാൻ 15, 20 ദിവസം ഒരു കാലിലാണ് ഇഴഞ്ഞ് പ്രവർത്തനം നടത്തിയത്. ആ കണ്ടീഷനിൽ എനിക്ക് അത്രയും ആളുകളുടെ ഇടക്ക് എനിക്ക് പോകാൻ പറ്റുന്നില്ല. അതിന് മുമ്പ് ഞാൻ കാറിൽ ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് എത്തിയപ്പോൾ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം കിങ്കരന്മാർ, ഗുണ്ടകൾ എന്‍റെ വണ്ടി ആക്രമിച്ചത് എങ്ങനെയെന്ന് നിങ്ങളുടെ കയ്യിൽ റെക്കോഡുണ്ടോ?

അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്. അവരാണ് കാന കടക്കാൻ കഴിയാത്തത് കാരണം എന്നെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുവച്ചത്. അവിടുന്നാണ് ഞാൻ ആംബുലൻസിൽ കയറിയത്. ഇതിന് ഞാൻ വിശദീകരണം തരേണ്ട ഒരു ആവശ്യവുമില്ല. സി.ബി.ഐ വരുമ്പോൾ അവരോട് പറഞ്ഞാ മതി. ഇവർക്ക് ചങ്കൂറ്റമുണ്ടോ സി.ബി.ഐയെ വിളിക്കാൻ. ഇവരുടെ രാഷ്ട്രീയം മുഴുവൻ കത്തിനശിച്ചുപോകും’ -സുരേഷ് ഗോപി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe