നമുക്ക് ചുറ്റും പലയിടങ്ങളിലായി കാണപ്പെടുന്ന ഫംഗസ് അഥവാ പൂപ്പലുകൾ അലർജിയും അതിമാരകമായ രോഗാവസ്ഥയ്ക്കും മറ്റും കാരണക്കാരാണ്. മനുഷ്യശരീരത്തിൽ കാണപ്പെടുന്ന വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും ഫംഗസുകളെ ഉപയോഗിക്കാറുണ്ട്. ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടെത്തിയതും 1928-ൽ പെൻസിലിയം നോട്ടേറ്റം എന്ന ഫംഗസിൽനിന്നാണ്. പൂപ്പലുകളിൽനിന്ന് വേർതിരിച്ചെടുത്ത വ്യത്യസ്ത സംയുക്തങ്ങൾ ഉപയോഗിച്ച് ബാക്ടീരിയൽ അണുബാധ തടയാനും കൊളസ്ട്രോൾ കുറയ്ക്കാനുമൊക്കെ മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അടുത്തിടെ രക്താർബുദ കോശങ്ങളുടെ വ്യാപനം തടയാൻ ശേഷിയുള്ള സംയുക്തം ഒരു ഫംഗസിൽനിന്ന് കണ്ടെത്തി. ക്യാൻസർ ചികിത്സാരംഗത്ത് പുതിയ വഴിത്തിരിവ് ആയേക്കാവുന്നതാണ് ഈ കണ്ടെത്തൽ.
അസ്പർജിലസ് ഫ്ലാവസ്
‘ഫറോയുടെ ശാപം’ എന്ന് വിളിപ്പേരുള്ള അസ്പർജിലസ് ഫ്ലാവസ് ഫംഗസിൽനിന്നാണ് രക്താർബുദം തടയാൻ ശേഷിയുള്ള സംയുക്തങ്ങൾ ഒരു സംഘം ഗവേഷകർ കണ്ടെത്തിയത്. സാധാരണയായി മണ്ണിൽ കാണപ്പെടുന്ന ഇവയെ പൂപ്പൽ വർഗത്തിലെ ഏറ്റവും ‘ശപിക്കപ്പെട്ട’ ഒന്നായാണ് കണക്കാക്കുന്നത്. ഇത്തരം ഫംഗസുകൾക്ക് വിഷസംയുക്തങ്ങളായ ‘അഫ്ലാടോക്സിനുകൾ’ ഉൽപ്പാദിപ്പിക്കാൻ കഴിയും. ഇവ മനുഷ്യരിൽ എത്തിയാൽ ഗുരുതര രോഗാവസ്ഥയ്ക്കും മരണത്തിനുംവരെ കാരണമാകും. നൂറ്റാണ്ടുകളായി ഒരു സൂക്ഷ്മജീവി
വില്ലനായി കണക്കാക്കിയിരുന്ന അസ്പർജിലസ് ഫ്ലാവസ്(Aspergillus flavus) മനുഷ്യനെയും പ്രധാന കാർഷിക വിളകളെയും സാരമായി ബാധിക്കും. തന്നെയുമല്ല 1920-ൽ ഈജിപ്തിലെ തൂത്തൻഖാമുന്റെ ശവകുടീരത്തിലെ ചരിത്രപ്രസിദ്ധമായ കണ്ടെത്തൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പുരാതന ശവകുടീരങ്ങൾ തുറന്ന നിരവധി പുരാവസ്തു ഗവേഷകരുടെ മരണവുമായി ഈ ഫംഗസുകൾ ബന്ധപ്പെട്ടിരിക്കുന്നതിലാണ് ഇവയ്ക്ക് ‘ഫറോയുടെ ശാപം’ എന്ന വിളിപ്പേര് ലഭിച്ചത്. 1970കളിൽ പോളണ്ടിലെ കാസിമിർ നാലാമത്തെ ശവകുടീരത്തിൽ പ്രവേശിച്ച 12ഓളം ശാസ്ത്രജ്ഞരിൽ 10 ഗവേഷകർ ഏതാനും ആഴ്ചയ്‌ക്കുള്ളിൽ മരിച്ചു. പിന്നീട് നടന്ന വിശദപഠനത്തിൽ ശവകുടീരത്തിൽ അസ്പർജിലസ് ഫ്ലാവസ് ഫംഗസിന്റെ സാന്നിധ്യമാണ് മരണകാരണമെന്ന് കണ്ടെത്തി.
അസ്പെരിജിമൈസിൻസ്
ആസ്പർജിലസ് ഫ്ലാവസ് ഫംഗസിൽനിന്ന് വേർതിരിച്ചെടുത്ത തന്മാത്രകളെ വിളിക്കുന്ന പേരാണ് അസ്പെരിജിമൈസിൻസ്. ഇത്തരം തന്മാത്രകളെ ബാക്ടീരിയകളിലും കണ്ടെത്തിയിട്ടുണ്ട്. നാലുതരം അസ്‌പെരിജിമൈസിനുകളിൽ രണ്ടെണ്ണത്തിന് രക്താർബുദ കോശങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതായി കണ്ടെത്തി. ഇവ കൊഴുപ്പ് തന്മാത്രകളുമായി ചേർന്നപ്പോൾ ക്യാൻസറിനെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളായ സൈറ്റരാബിൻ, ഡൗണോറൂബിസിൻ എന്നീ മരുന്നുകളുടെ സമാനഫലം ലഭ്യമാക്കുന്നുണ്ടെന്ന് കണ്ടെത്തി. ക്യാൻസർ കോശങ്ങളുടെ അനിയന്ത്രിതമായ വിഭജനത്തിന് ആവശ്യമായ മൈക്രോടൂബ്യൂളുകളുടെ രൂപീകരണത്തെ ആസ്പെരിജിമൈസിൻസ് ഫലപ്രദമായി തടയുന്നതായി പരീക്ഷണത്തിൽ തെളിഞ്ഞു. പെൻസിൽവാനിയ സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ക്യൂയൂ നീയും സംഘവും നടത്തിയ ഈ കണ്ടെത്തൽ ശാസ്ത്ര ജേർണലായ ‘നേച്ചർ കെമിക്കൽ ബയോളജി’യിൽ അടുത്തിടെ പ്രസിദ്ധീകരിച്ചു. ഫംഗസിൽനിന്ന് വേർതിരിച്ചെടുത്ത ഈ തന്മാത്രകളെ കൂടുതൽ പഠനങ്ങൾക്കുശേഷം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിച്ചശേഷം വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.