മലയാള സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ മലയാളം ട്രെയ്‌ലർ യൂട്യൂബിൽ റിലീസ് ആയത്. നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും ഫാൻ പേജുകളിലും ട്രെയ്‌ലർ ട്രെൻഡിങ് ആയി. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസാണ് മലയാളം ട്രെയ്‌ലർ നേടിയത്. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്‌ലർ പുറത്തുവിട്ടു. എല്ലാ ഭാഷയിലും മികച്ച അഭിപ്രായമാണ് ട്രെയ്‌ലർ സ്വന്തമാക്കുന്നത്.

നേരത്തെ അറിയിച്ചതുപോലെ മോഹൻലാൽ ഫാൻസിന് ആഘോഷിക്കാനുള്ളതെല്ലാം ട്രെയിലറിൽ ഉണ്ട്. എന്നാൽ വീണ്ടും എവിടെയൊക്കെയോ നിഗൂഢതകൾ ബാക്കി വെച്ചാണ് ട്രെയ്‌ലറിന്റെ വരവ്. ഈ കണ്ടതൊന്നും അല്ല എമ്പുരാനിലെ കഥാപാത്രങ്ങൾ ഇനിയും കാമിയോകൾ ഉണ്ടെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. പുറം തിരിഞ്ഞു നിൽക്കുന്ന ഡ്രാഗൺ ചിഹ്നമുള്ള ഷർട്ട് ധരിച്ച വ്യക്തി ആരെന്ന ചോദ്യവും ബാക്കി. എന്തായാലും എമ്പുരാൻ ഇതുവരെ മലയാളം കണ്ട വലിയ സിനിമ തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. പൃഥ്വി സിനിമയിൽ ഒളിപ്പിച്ചിരിക്കുന്ന ബ്രില്ലിയൻസ് കാണാനുള്ള ആകാംക്ഷ കൂട്ടിയിരിക്കുകയാണ് ട്രെയ്‌ലർ.