അങ്കോള: ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ ലോറിയുടെ ക്യാബിനിൽ നടത്തിയ പരിശോധനയിൽ അർജുന്റെ ഫോൺ കണ്ടെത്തി. ക്യാബിൻ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിലാണ് രണ്ട് ഫോണുകൾ കണ്ടെത്തിയത്. ബാഗും ഒരു വാച്ചും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മകന് കൊടുക്കാനായി വാങ്ങിയതെന്ന് കരുതുന്ന കളിപ്പാട്ടവും ക്യാബിനിൽ നിന്ന് ലഭിച്ചു. പരിശോധന തുടരുകയാണ്.
ഇന്നലെ ഉച്ചയോടെയാണ് കോൺടാക്ട് പോയിന്റ് 2ൽ പന്ത്രണ്ടടി താഴ്ചയിൽ നിന്നാണ് നാവികസേന ലോറി കണ്ടെത്തിയത്. കാണാതായി 71 ദിവസത്തിന് ശേഷമാണ് ലോറിയും മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. മൃതദേഹ ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഷിരൂരിൽ മണ്ണിടിഞ്ഞ കരയിൽനിന്നും 60 മീറ്റർ അകലെ 12 മീറ്റർ താഴ്ചയിലാണ് ട്രക്കുണ്ടായത്. നാവികസേന മാർക്കുചെയ്‌ത ഒന്നും രണ്ടും പോയന്റിനിടയിൽ രണ്ടിനടുത്താണിത്. ബുധൻ പകൽ 11.30 ഓടെ ഡ്രഡ്‌ജിങ് കമ്പനിയുടെ മുങ്ങൽ വിദഗ്‌ധരാണ് കീഴ്‌മേൽ കിടക്കുന്ന നിലയിൽ കറുത്ത വാഹനഭാഗം കണ്ടത്. ഹുക്കിട്ട് ഉയർത്താനുള്ള ശ്രമത്തിനിടയിൽ മഴ പെയ്‌തു. പകൽ മൂന്നരയോടെ ട്രക്ക് ഉയർത്തി. പുറത്തെത്തുമ്പോൾ തന്നെ ട്രക്ക്, മനാഫ് തിരിച്ചറിഞ്ഞു. ഇതിനിടയിൽ എൻഡിആർഎഫ് സംഘം ക്യാബിനിലെ മൃതദേഹഭാഗം ഡ്രഡ്‌ജറിലേക്കും പിന്നാലെ ഡിങ്കി ബോട്ടിൽ കരയിലേക്കും കാർവാർ ഗവ. ആശുപത്രിയിലേക്കും മാറ്റി. ട്രക്ക് ഇന്ന് രാവിലെ കരയിലെത്തിച്ചിരുന്നു.
ജൂലൈ 16നാണ് അർജുനും ലോറിയും മണ്ണിടിച്ചിലിൽപ്പെടുന്നത്. ജൂലൈ എട്ടിനാണ് അർജുൻ അക്വേഷ്യ തടിയെടുക്കാനായി കർണാടകത്തിലേക്ക് പോയത്. രാംനഗറിൽനിന്ന് തടിയെടുത്ത് കോഴിക്കോട്ടേക്ക് തിരിച്ചുവരികയായിരുന്നു. ലോറിയിൽ ഒറ്റയ്‌ക്കായിരുന്നു യാത്ര. ജൂലൈ 15ന് രാത്രി ഒമ്പതിനാണ് ഭാര്യ കൃഷ്‌ണപ്രിയയെ അവസാനമായി വിളിച്ചത്.