കൊച്ചി: ഇറാനിലേക്കുള്ള അവയവക്കടത്ത് കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഹെെക്കോടതി. പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടുള്ളതെന്നും കോടതി പറഞ്ഞു. മൂന്നാംപ്രതി കൊച്ചി ചങ്ങമ്പുഴ സ്വദേശി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ തള്ളിയാണ് ജസ്‌റ്റിസ് സി എസ് ഡയസിന്റെ നിരീക്ഷണം. കുറ്റകൃത്യത്തിൽ പ്രതിക്ക് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അവയവക്കടത്ത് റാക്കറ്റിലെ കൂടുതൽപേരുടെ പങ്ക് അന്വേഷിക്കുകയാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. രാജ്യാന്തര ബന്ധമുള്ള കേസ് ഏറ്റെടുക്കാൻ എൻഐഎ ഒരുങ്ങുകയാണെന്നും അറിയിച്ചു. ഇതംഗീകരിച്ച കോടതി, പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നും വിലയിരുത്തി.
മുഖ്യപ്രതി മധു വിദേശത്തായതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഇന്ത്യയിലും ഇറാനിലും മെഡിക്കൽ ടൂറിസം ബിസിനസ് നടത്തുന്നതായി പറയുന്ന മധുവുമായി സജിത് ശ്യാമിന് ബാല്യകാലംമുതൽ ബന്ധമുണ്ട്. അവയവകെെമാറ്റത്തിന് തയ്യാറായ ആളുകളെയും മധുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് സജിത് ശ്യാമാണ്. ഇറാനിൽ മധുവിന്റെ സഹായിയായിരുന്ന മറ്റൊരു പ്രതി സാബിത്തുമായും സജിത് ശ്യാമിന് ബന്ധമുണ്ട്. മധുവിന്റെ വിദേശത്തുള്ള ചില കക്ഷികൾ പണം സജിത്തിന്റെ അക്കൗണ്ടിലേക്ക് കെെമാറിയിട്ടുണ്ട്. ആ പണം തിരികെ മധുവിന് അയച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.