മഴ ആയാല്‍ പിന്നെ കളക്ടര്‍മാരുടെ പേജിലാകെ തിരക്കാണ്, സാറെ നാളെ അവധിയാണോ, ഇവിടെ മഴയും കാറ്റുമാണ്, സാറെ മഴ, പുറത്ത് ഇറങ്ങാന്‍ വയ്യാ, അയ്യോ സാറെ മഴ നാളെ പോവണോ, എന്നിങ്ങനെ കമന്‍റുകളുടെയും മെസേജുകളുടെയും പ്രവാഹമാണ്. ഇപ്പോഴിതാ പത്തനംതിട്ട ജില്ല കളക്ടറുടെ ഇന്‍സ്റ്റാ സ്റ്റോറിയാണ് വൈറല്‍. അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ് സഹിതം സ്ക്രീന്‍ ഷോട്ട് എടുത്താണ് കളക്ടര്‍ ഇട്ടിരിക്കുന്നത്.
ചോദ്യത്തിലെ അക്ഷരത്തെറ്റ് കണ്ട കളക്ടര്‍, ആദ്യം അവധി ചോദിക്കാതെ സ്കൂളില്‍ പോവാനും മലയാളം ക്ലാസില്‍ കയറാന്‍ ശ്രമിക്കാനും പറയുന്നു. നിമിഷം നേരം കൊണ്ട് കളക്ടറുടെ മറുപടി സൈബറിടത്താകെ വൈറലാണ്. അതേ സമയം സംസ്ഥാനത്ത് തീവ്രമഴ തുടരും. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 31–ാം തീയതി വരെ മഴ തുടരും. രണ്ട് ന്യൂനമര്‍ദങ്ങളുടെ സ്വാധീനത്തിലാണ് കേരളം. ഒന്‍പത് നദികളില്‍ പ്രളയസാധ്യതാ മുന്നറിയിപ്പും നിലനില്‍ക്കുന്നു. മഴക്കെടുതികളില്‍ 607 വീടുകള്‍ തകര്‍ന്നു. 456 പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി.