‘അറസ്റ്റിലേക്ക് നയിച്ചത് സ്വന്തം ചെയ്തികൾ’; കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി അണ്ണാ ഹസാരെ

news image
Mar 22, 2024, 9:54 am GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി അണ്ണാ ഹസാരെ. ‘സ്വന്തം ചെയ്തികൾ കാരണ’മാണ് അറസ്റ്റെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മദ്യത്തിനെതിരെയാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നതെന്നും ഇപ്പോൾ അതേ വസ്തുവിനായി അദ്ദേഹം നയം രൂപവത്കരിക്കുകയാണെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.

‘എനിക്കൊപ്പം മദ്യത്തിനെതിരെ ശബ്ദമുയർത്തുകയും പ്രവർത്തിക്കുകയും ചെയ്ത അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ മദ്യനയങ്ങൾ ഉണ്ടാക്കുന്നതിൽ ഞാൻ വളരെ അസ്വസ്ഥനാണ്. സ്വന്തം ചെയ്തികൾ മൂലമാണ് അറസ്റ്റുണ്ടായത്’ -അണ്ണാ ഹസാരെ പറഞ്ഞു.

മഹാരാഷ്​ട്രയിൽനിന്നുള്ള സാമൂഹിക പ്രവർത്തകനായിരുന്ന അണ്ണാ ഹസാരെയു​ടെ നേതൃത്വത്തിൽ 2010ൽ നടന്ന അഴിമതിക്കെതിരായ ലോക്പാൽ പ്രക്ഷോഭങ്ങളിലൂടെയാണ് അരവിന്ദ് കെജ്രിവാൾ ശ്രദ്ധ നേടുന്നത്. ‘ലോക്പാൽ’ അഴിമതി വിരുദ്ധ ഓംബുഡ്സ്മാൻ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് അന്ന് ഇരുവരും ചേർന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെതിരെ അനിശ്ചിതകാല സത്യഗ്രഹത്തിനടക്കം നേതൃത്വം നൽകിയിരുന്നു. ലക്ഷക്കണക്കിനാളുകളാണ് അന്ന് സമരത്തിൽ പങ്കാളികളായിരുന്നത്.

പിന്നീട് അണ്ണാ ഹസാരെയുമായി വഴിപിരിഞ്ഞ കെജ്രിവാൾ ആം ആദ്മി പാർട്ടി രൂപവത്കരിച്ചു. കേന്ദ്രത്തിൽ ബി.ജെ.പി നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന അഴിമതികളെ കുറിച്ച് അണ്ണാ ഹസാരെ മൗനം പാലിച്ചത് വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe