കമ്പം: മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലേക്ക് കൊണ്ടുപോകുന്നു. പ്രത്യേക എലഫന്‍റ് ആംബുലൻസിൽ ആനയെ അങ്ങോട്ടേക്ക് മാറ്റുകയാണ്. തുമ്പിക്കൈക്ക് പരിക്കുള്ള അരിക്കൊമ്പന്‍റെ ആരോഗ്യാവസ്ഥ പരിശോധിച്ച ശേഷമാകും തുറന്നുവിടുക.
അരിക്കൊമ്പനെ പിടികൂടിയ കമ്പത്തുനിന്ന് 250ലേറെ കിലോമീറ്റർ സഞ്ചരിച്ച് വേണം മുണ്ടൻതുറൈ കടുവാസങ്കേതത്തിലെത്താൻ. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ സംരക്ഷിത വനമേഖലയാണിത്.
ഇന്ന് പുലർച്ചെയാണ് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പിന്‍റെ ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടിയത്. ജനവാസമേഖലയിലിറങ്ങിയതിനെ തുടർന്ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവെച്ച് പുലർച്ചെ 2.30ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്.
ഇത് രണ്ടാംതവണയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നത്. നേരത്തെ, ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന് ആന തമിഴ്നാട്ടിലെത്തുകയായിരുന്നു.