പേരാമ്പ്ര: അരിക്കുളം പഞ്ചായത്തിൽ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്റഫ്, ചെറുവത്ത് മീത്തൽ ബഷീർ എന്നിവരുടെ വീടുകൾക്ക് നേരെയാണ് കല്ലേറും മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായത്.
നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ഇടതുപക്ഷം നടത്തുന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ഭയമാണ് സി.പി.എമ്മിനെ ഇത്തരം അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, നിയോജക മണ്ഡലം പ്രസിഡന്റ് ആർ.കെ മുനീർ, ടി.കെ.എ ലത്തീഫ്, സാജിദ് നടുവണ്ണൂർ, പി.ടി അഷ്റഫ്, എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, ഇ.കെ അഹമ്മദ് മൗലവി, സി. രാമദാസ്, വി.വി.എം ബഷീർ, ശശി ഊട്ടേരി, കെ. അഷ്റഫ്, സജിത എളമ്പിലാട്, എം.കെ ഫസലുറഹ്മാൻ, അമ്മദ് പൊയിലങ്ങൽ, എൻ.കെ അഷറഫ്, ഷുഐബ് തറമ്മൽ, പി.പി.കെ അബ്ദുള്ള, അബ്ദുറഹിമാൻ മലയിൽ, ലതേഷ് പുതിയടുത്ത്, കെ.സി ഇബ്രാഹിം എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശന ശിക്ഷ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു.
