അരിക്കുളം: കാരയാട് കാളിയത്ത് മുക്ക് നല്ലശ്ശേരിക്കുനി സരോജിനിക്കും കുടുംബത്തിനും തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ ഷാഫി പറമ്പിൽ എം പി കൈമാറി. സുരക്ഷിതമായി കയറിക്കിക്കാൻ അടച്ചറപ്പുള്ള വീടെന്നത് ഒരാളുടെ അവകാശമാണെന്നും ആരുടെയും ആനുകൂല്യം വും ഔദര്യവുമല്ലെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ഇരുപത് ദിവസം കൊണ്ട് ദരിദ്രരായ ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകിയത് മാതൃകാപരമാണ്. ജീവകാരുണ്യ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് കൃത്യമായി ബോധ്യമുള്ളവരും വിശ്വാസ്യതയുള്ളവരുമാണ് ഈ ദൗത്യം പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹ വീട് നിർമാണ കമ്മിറ്റി ചെയർമാൻ ശിവൻ ഇലവന്തിക്കര ആധ്യക്ഷത വഹിച്ചു. ചീഫ് കോ ഓർഡിനേറ്റർ ഹാഷിം കാവിൽ റിപോർട്ട് അവതരിപ്പിച്ചു. കെ എം ബഷീർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ പി രാമചന്ദ്രൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ കെ അഹമ്മദ് മൗലവി, ഇമ്പിച്ച്യാലി സിത്താര, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി, സി രാമദാസ്, ലതേഷ് പുതിയേടത്ത്, ഒ കെ അമ്മദ്, അമ്മദ് എടച്ചേരി, അമ്മദ് ഹാജി നാറാണത്ത്, സേവാദൾ ബ്ലോക്ക് ചെയർമാൻ അനിൽകുമാർ അരിക്കുളം എന്നിവർ സംസാരിച്ചു.