കൊയിലാണ്ടി: അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ പോലീസിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ കസ്റ്റഡിയിലായി. പന്തലായനി സ്വദേശി അമൽ, കൊല്ലം സ്വദേശി അജയ് എന്നിവരെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി സി.ഐ സുമിത്ത് കുമാറിന്റെ പരാതിയിലാണ് നടപടി.
സംഭവത്തിൽ സി.ഐ സുമിത്ത് കുമാർ, സി.പി.ഒ ഗംഗേഷ് എന്നിവർക്ക് പരിക്കേറ്റു. സി.ഐയുടെ കാലിനും ഗംഗേഷിന്റെ കണ്ണിനുമാണ് പരിക്ക്. ക്ഷേത്ര പരിസരത്ത് സി.പി.എം പ്രവർത്തകർ സ്ഥാപിച്ച ഫ്ളക്സിലെ വാചകങ്ങളെച്ചൊല്ലി ബി.ജെ.പി-സി.പി.എം പ്രവർത്തകർക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഫ്ളക്സ് മാറ്റണമെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവിഭാഗവുമായും സംസാരിച്ച് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ പ്രതികൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും കേസെടുത്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
