അരവിന്ദ് കെജ്രിവാൾ രാജി വെക്കില്ല: മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കൺവീനര്‍ സ്ഥാനവും ഒഴിയില്ല

news image
Mar 23, 2024, 4:05 am GMT+0000 payyolionline.in

ദില്ലി: മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും ഇദ്ദേഹം രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം. ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നുണ്ട്. കേസിൽ കെ കവിത – അരവിന്ദ് കെജ്രിവാൾ ഡീലിന് ഇഡി തെളിവ് നിരത്തുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കി. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയിൽ ഹാജരാക്കി. കെജ്രിവാളിന്  നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാൻഡ് അപേക്ഷയിൽ പരാമർശമുണ്ട്.

കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ദില്ലി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും  എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡൽ സമരമുറയാകും സ്വീകരിക്കുക. കേസിൽ നേരത്തെ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കവിതയെ വീണ്ടും ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. ഇഡി വീണ്ടും കവിതയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ജാമ്യം ആവശ്യപ്പെട്ട് കവിത വിചാരണക്കോടതിയിൽ അപേക്ഷ നൽകിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe