അരലക്ഷം വോട്ടിന് പിന്നിൽ; അമേത്തിയിൽ വീരവാദങ്ങളൊന്നും വിലപ്പോകാതെ സ്മൃതി ഇറാനി

news image
Jun 4, 2024, 7:06 am GMT+0000 payyolionline.in

അമേത്തിയുടെ മണ്ണിൽ നേരങ്കം കുറിക്കാൻ രാഹുൽ ഗാന്ധിയെ പലകുറി വെല്ലുവിളിച്ചതാണ് സ്മൃതി ഇറാനി. ഒടുവിൽ റായ്ബറേലിയിൽ രാഹുൽ മത്സരിക്കാൻ തീരു​മാനിച്ചപ്പോൾ പേടി​ച്ചോടുകയാണെന്നായിരുന്നു പരിഹാസം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമയെയാണ് മോദി സർക്കാറിൽ രണ്ടുതവണ മന്ത്രിയായ സ്മൃതി ഇറാനിയെ നേരിടാൻ കോൺഗ്രസ് കളത്തിലിറക്കിയത്. ഗാന്ധി കുടുംബത്തിന്റെ പാവയെന്നുമൊക്കെയുള്ള പരാമർശങ്ങളുമായി ശർമയെ സ്മൃതി പരിഹാസം കൊണ്ടു മൂടുകയും ചെയ്തിരു​ന്നു.

എന്നാൽ, കണക്കുകൂട്ടലെല്ലാം കാറ്റിൽ പറന്നിരിക്കുകയാണ്. അമേത്തിയിൽ സ്മൃതിയുടെ വീഴ്ച ബി.ജെ.പി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വോട്ടുകൾ പാതിയോളം എണ്ണിക്കഴിഞ്ഞപ്പോൾ 47424 വോട്ടുകൾക്ക് കിഷോരി ലാൽ ശർമ മുന്നിട്ടുനിൽക്കുകയാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ സ്മൃതി മലർന്നടിച്ചു വീഴുമെന്നുറപ്പ്.

സ്മൃതി തോറ്റാൽ ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരങ്ങളി​ൽ ഒന്നായിരിക്കും അത്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ലോക് സഭയിലെത്തിയ മുൻ സിനിമ, സീരിയൽ നടി കൂടിയായ സ്മൃതി ബി.ജെ.പിയുടെ മുൻനിര നേതാക്കളിൽ ഒരാളായാണ് അറിപ്പെടുന്നത്.

നേരത്തേ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവർ ​പ്രതിനിധാനം ചെയ്ത അമേത്തിയിൽ കി​ഷോരി ലാലിനെ രംഗത്തിറക്കുമ്പോൾ വ്യക്തമായ പദ്ധതികളുണ്ടായിരുന്നു കോൺഗ്രസിന്. ഗാന്ധി കുടുംബത്തിന്റെ നിഴൽ പോലെ കൂടെയുള്ള കിഷോരി ലാലിന് മണ്ഡലത്തി​ലെ മുക്കുമൂലകൾ ഏറെ പരിചിതമായിരുന്നു. 40 വർഷം അമേത്തിയുമായി അടുത്ത ബന്ധമുള്ള കിഷോരി ലാൽ ശർമ തന്റെ ജീവിതം അമേത്തിക്കുവേണ്ടി സമർപ്പിച്ചയാളാണെന്നായിരുന്നു മണ്ഡലത്തിൽ പ്രചാരണം നയിച്ച പ്രിയങ്ക ഗാന്ധിയുടെ സാക്ഷ്യം. ജനം ഇത് ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് വലിയ വായിൽ വീരവാദങ്ങൾ മുഴക്കുന്ന സ്മൃതിയുടെ മുഖമടച്ചുള്ള ഈ വീഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe