തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് മരിച്ചത്. അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്നുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പരാതി. അയൽവക്കത്തെ സ്ത്രീ ഉൾപ്പെടെയുള്ളവർ എത്തി അനുഷയെ അസഭ്യവർഷം നടത്തിയെന്ന് വിഴിഞ്ഞം പൊലീസിന് നല്‍കിയ പരാതിയിൽ പിതാവ് പറയുന്നു.
അയല്‍ക്കാരിയുടെ മകന്‍ അടുത്തിടെ രണ്ടാമത് വിവാഹംകഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയുംചെയ്തു. ഇക്കാര്യത്തില്‍ ഇവരെ സഹായിച്ചെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതെന്നാണ് ആരോപണം. തുടര്‍ന്ന് കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്ന പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു.
സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പുറത്തുപോയിരുന്ന തന്നെ മകൾ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു കരഞ്ഞെന്ന് പിതാവ് പറയുന്നു. പിതാവ് ഉടനെ എത്തിയെങ്കിലും മകൾ മനോവിഷമത്തിൽ ജീവനൊടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പെൺകുട്ടി മരിച്ചത്. ഇരുനില വീടിൻറെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.ഐടിഐ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മരണമുണ്ടായത്. പാറശ്ശാല ധനുവച്ചപുരം ഐടിഐയിലാണ് അനുഷ പ്രവേശനം നേടിയിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സഹോദരി: ആരതി.