അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം; ജനങ്ങൾ വീടിനുള്ളിൽ തുടരാൻ നിർദേശം

news image
May 11, 2025, 8:34 am GMT+0000 payyolionline.in

പാകിസ്താന്റെ വെടിനിർത്തൽ ലംഘനത്തെ തുടർന്ന് അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. വീടിന് പുറത്തേക്ക് ഇറങ്ങരുത് എന്നും ലൈറ്റുകൾ ഓഫ് ആക്കി വീട്ടിൽ തന്നെ തുടരണമെന്നും നിർദേശം നൽകി. അമൃത്സറിൽ റെഡ് അലർട്ട് തുടരുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അമൃത്സറിൽ തുടർച്ചയായി സൈറൺ മുഴങ്ങി.

ഞായറാഴ്ച രാവിലെ നിരവധി മുന്നറിയിപ്പുകൾ നൽകി. “വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു, പക്ഷേ ഇപ്പോഴും റെഡ് അലേർട്ടിലാണ്” അമൃത്സർ ജില്ലാ കളക്ടർ പറഞ്ഞു. പരിഭ്രാന്തരാകേണ്ടെന്നും കളക്ടർ പറഞ്ഞു. “അതിയായ ജാഗ്രതയോടെ, ജനാലകളിൽ നിന്ന് മാറി നിൽക്കുക. ദയവായി റോഡുകളിലോ ബാൽക്കണികളിലോ ടെറസുകളിലോ ഇറങ്ങരുത്. പരിഭ്രാന്തരാകരുത്. സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സുരക്ഷിതമാകുമ്പോൾ ഞങ്ങൾ നിങ്ങളെ അറിയിക്കും” എന്ന് കളക്ടർ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ ഉണ്ടാക്കിയ കരാർ ലംഘിച്ചതിന് പാകിസ്താനെ ഇന്ത്യ വിമർശിച്ചു. അതിർത്തിയിൽ വെടിവയ്പ്പും സൈനിക നടപടികളും നിർത്തുന്നതിനെക്കുറിച്ചായിരുന്നു ധാരണ, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പാകിസ്താൻ അത് ലംഘിച്ചുവെന്ന് ഇന്ത്യ പറഞ്ഞു.ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ നടക്കുന്നു. ഇത് വിശ്വാസ ലംഘനമാണ്. സൈന്യം ഉചിതമായ മറുപടി നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe